
2017 ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പുറത്തു വിട്ട റിപ്പോർട്ടിൽ ഇന്ത്യയിലെ 197.3 മില്യൺ മനുഷ്യർ മനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ട്. അതായത് 17 ൽ ഒരാൾ എന്ന തോതിൽ അനുഭവിക്കുന്ന ആങ്സൈറ്റി ഡിസോഡർ ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യൻ സ്ത്രീകളിലും അവരുടെ കുടുംബങ്ങളിലും മാറ്റമില്ലാതെ തുടരുന്ന 'സോഷ്യൽ സ്റ്റിഗ്മ', അജ്ഞത, അന്ധവിശ്വാസം എന്നിവ മികച്ച ചികിത്സയ്ക്ക് തടസ്സമാകുന്നുവെന്നും റിപ്പോർട്ട് അടിവരയിടുന്നു. എന്ത് കൊണ്ടാണ് ഇത്തരം സ്റ്റിഗ്മയിലേക്കും അജ്ഞതകളിലേക്കും അന്ധവിശ്വാസത്തിലേക്കും നീങ്ങി മാനസികാരോഗ്യ ചികിത്സ സ്വീകരിക്കാൻ ജനം മടിക്കുന്നത് എന്നതിന്റെ ചരിത്രം കൂടെ നാം അറിയേണ്ടതുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യത്തെ മാനസികാരോഗ്യകേന്ദ്രം "ഭ്രാന്താലയം " എന്ന് തന്നെ പേരിലും കെട്ടിലും മട്ടിലും രൂപം കൊണ്ടത് 1745 ൽ ബോംബെയിലായിരുന്നു. 1947 ന് മുൻപ് 31 മാനസികാരോഗ്യ കേന്ദ്രങ്ങളായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. 77 വർഷങ്ങൾക്ക് ശേഷമുള്ള സ്വതന്ത്ര ഇന്ത്യയിൽ വെറും 15 എണ്ണം മാത്രമാണ് അധികമായി സ്ഥാപിച്ചത്. ഇതിൽ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസ്, റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, അസമിലെ എൽജിബി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹോസ്പിറ്റൽ എന്നീ മൂന്നു ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ ആകെ 46 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ.
എന്നാൽ ഇപ്പോഴും ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഏറെ ദയനീയവും പരിതാപകരാമായ അവസ്ഥയും അവിടെയുള്ള ഭൂരിപക്ഷം വരുന്ന ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും കടന്നാക്രമിച്ചു കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2023 ജനുവരി 25 ന് ഒരു പ്രസ്സ് റിലീസ് ഇറക്കി. മാനസികാരോഗ്യ നയം തൊട്ട് രൂപത്തിലും പെരുമാറ്റത്തിലും ജാഗ്രത പുലർത്തി സത്വര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു സർക്കാരുകൾക്ക് കത്തയച്ചു.
ഇതേ അവഗണനയും നിലപാടുകളും തന്നെയാണ് പെരിനാറ്റൽ കേസുകളിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുടരുന്നത്. പെരിനാറ്റൽ ഡിപ്രഷനും സൈക്കോസിസും പൊതുജനാരോഗ്യ പ്രശ്നമായി ഒരു സർക്കാർ അഭിസംബോധന ചെയ്യാത്തിടത്തോളം കാലം ഈ അസുഖത്തെ അഭിമുഖീകരി ക്കേണ്ടത് എങ്ങനെയാണെന്നറിയാത്തത്തിന്റെ ഉത്തരവാദിത്തമില്ലായ്‌മ സ്ത്രീകളാണ് അനുഭവിച്ചുപോരുന്നത്. ശാശ്വത പരിഹാരവും മാതൃകയും മറ്റു രാജ്യങ്ങളെ നോക്കി അനുകരിക്കാൻ പാകത്തിൽ മുന്നിലുണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത മേഖല കൂടിയാണ് മാതൃ മാനസികാരോഗ്യരംഗം എന്ന് നിസ്സംശയം പറയാം.
ഒപ്പം ഇത്തരം കേസുകൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലും പോലീസിന് റിപ്പോർട്ട് നൽകുന്നതിൽ പോലും അലംഭാവം കാണിച്ചുവരുന്നുവെന്നാണ് ഭൂരിപക്ഷം കേസുകളും കാണിക്കുന്നത്. കാരണം കുറഞ്ഞ സമയദൈർഘ്യം കൊണ്ടാണ് രോഗമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്ന മെന്റൽ ഫിറ്റ്നസ് സർഫിക്കറ്റ് നൽകുന്നത്. മാനസികരോഗം തിരിച്ചറിയാൻ 24മണിക്കൂർ ഗുണം ഏഴ് ദിവസം എന്ന മിനിമം പരീക്ഷണഘട്ടം പോലും പാലിക്കുന്നില്ല. ഫലമോ പിന്നീടൊരിക്കലും മാനസികനില ശരിയല്ലായിരുന്നുവെന്ന് തെളിയിക്കാൻ കഴിയാതെ കുറ്റവാളികൾ ആയി ശിക്ഷ ഏറ്റുവാങ്ങുന്നു. വികസിത രാജ്യങ്ങളിൽ പെരിനാറ്റൽ സൈക്കോസിസ് കേസുകളിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് ഫോറെൻസിക് സൈക്യാട്രിസ്റ്റുകൾ.
മാനസികാരോഗത്തെക്കുറിച്ചും സിവിലും ക്രിമിനലും ഉൾപ്പെടെയുള്ള മാനസികാരോഗ്യ നിയമങ്ങളെക്കുറിച്ചും ഒരേ സമയം അറിവുള്ളവർ. ഇന്ത്യയിൽ 2015 ൽ ബംഗളൂരു നിംഹാൻസിൽ പരിശീലനം നൽകി വരുന്ന ഫോറെൻസിക് സൈക്യാട്രി അതിന്റെ ശൈശവാവസ്ഥയിലാണുള്ളത്. പെരിനാറ്റൽ സൈക്കോസിസ് കേസുകളിലകപ്പെടുന്ന സ്ത്രീകൾക്ക് അവകാശങ്ങളും അന്തസ്സും സംരക്ഷണവും ഉറപ്പാക്കാൻ മാതൃ -മാനസികാരോഗ്യനയങ്ങളിൽ അടിയന്തിരമായി സമൂലമാറ്റം വരുത്തി പദ്ധതി വിഹിതം മാറ്റിവെക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും മാനസികാരോഗ്യ നിയമങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്യാനാറിയാത്ത അഭിഭാഷകരും അമ്മമാരെ ജയിലിലേക്ക് തള്ളുന്നതിൽ നിർണായക പങ്കാളികളാണ്.
വിശദമായ വാർത്താ റിപ്പോർട്ട് കാണാം...