
2023 ജനുവരി 17 ചൊവ്വാഴ്ച രാത്രി
അമേരിക്കയിലെ ബോസ്റ്റൺ, മാസച്ചുസെറ്റ്സ് സ്റ്റേറ്റ് ജനത ഒന്നാകെ ഞെട്ടിയ,പ്രത്യേകിച്ച് അമ്മമാരുടെ ഹൃദയം തകർന്നു പോയ ഒരു രാത്രിയായിരുന്നു. 32 കാരിയായ ലിൻഡ്‌സെ ക്ലാൻസി, മസാച്ച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു. ഡക്‌സ്ബറിയിലെ വീട്ടിൽ വെച്ച് തന്റെ മൂന്ന് കുട്ടികളെ ദാരുണമായി കൊലപ്പെടുത്തി. അഞ്ചും മൂന്നും എട്ട് മാസവും പ്രായമുള്ള കുട്ടികളെ പലരീതിയിൽ കൊലപ്പെടുത്തിയതിനു ശേഷം ഒന്നാം നിലയിലെ ജനൽ വഴി പുറത്തേക്ക് ചാടി അവർ ആത്മഹത്യക്ക് ശ്രമിച്ചു. നട്ടെല്ല് പൊട്ടി, പക്ഷാഘാതം ബാധിച്ച ലിൻഡ്‌സെ ക്ലാൻസിയെ ആശുപത്രി കിടക്കയിൽ വെച്ചു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിചാരണ ആരംഭിച്ചു.
പോസ്റ്റ്‌പാർട്ടം സൈക്കോസിസിന്റെ ഭാഗമായുള്ള ഓഡിറ്ററി ഹാലൂസിനേഷനാണ് കൊലപാതകത്തിന്റെ കാരണമെന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഡിഫെൻസ് അറ്റോണി കോടതിയിൽ വാദിച്ചു. അന്നത്തെ സായാഹ്നത്തിൽ കുട്ടികളെയെല്ലാം കൊല്ലാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പുരുഷ ശബ്ദനിർദേശം താൻ കേട്ടുകൊണ്ടിരുന്നു. ഇതാണ് അവസാന അവസരം എന്ന് പല തവണ പ്രചോദിപ്പിച്ചതു കൊണ്ടാണ് കുട്ടികളെ ശ്വാസം മുട്ടിച്ചും മാരകയുധങ്ങൾ കൊണ്ട് പ്രഹരമേൽപ്പിച്ചും കൊലപാതകം നടത്തിയതെന്ന് ലിൻഡ്‌സെ ക്ലാൻസി കോടതി മുൻപാകെ സൂം വഴി മൊഴി നൽകി.
അമേരിക്കയുടെ ചരിത്രത്തിൽ അതിന് മുൻപ് അഞ്ചു കുട്ടികളെ കൊന്ന ആൻഡ്രിയ പിയയേറ്റ്സ് എന്ന പെരിനാറ്റൽ സൈക്കോസിസ് കൊലപാതകക്കേസിന്റെ വസ്തുതകൾ വരെ നിരത്തിയാണ് ഡിഫെൻസ് അറ്റോണി ഇപ്പോഴും വാദം തുടരുന്നത്. അതേ സമയം രാജ്യത്തിന്റെ മറ്റൊരു ഭാഗത്തു ലിൻഡ്‌സെ ക്ലാൻസി എന്ന അമ്മയ്ക്ക് യ്ക്ക് വേണ്ടി പ്രതിരോധസംഗമങ്ങൾ നടന്നു. മൂന്നു കുട്ടികളുടെ മരണത്തിൽ ആ അമ്മ ഉത്തരവാദിയല്ലെന്നും വ്യവസ്ഥിതിയിൽ നിന്നും തക്കസമയം ചികിത്സ കിട്ടാതെ പോയ ഹതഭാഗ്യയാണെന്നും ശിക്ഷിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു സംഗമങ്ങൾ സംഘടിപ്പിച്ചത്. ഒപ്പം ആ അമ്മയ്ക്ക് അത്യാവശ്യമായി വേണ്ടത് ജയിൽ അല്ല, മാനസികാരോഗ്യ പരിരക്ഷയാണെന്ന ഉറപ്പിൽ അവർ ഒരേ മനസ്സോടെ അണിനിരന്നു.
മാസച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ ജീവനക്കാർ, മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിവേദനങ്ങൾ പ്ലൈമൗത്ത് ജില്ലാ കോടതിയിലേക്ക് ഒഴുകിയെത്തി. ലിൻഡ്‌സെ ക്ലാൻസി കേസിൽ നിർണായകവിധിയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും അമേരിക്കൻ ജനത.
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം.