മംഗളൂരൂ ആള്‍ക്കൂട്ടക്കൊലപാതകം: "അവനെ കൊന്നവരെ വെറുതെ വിടരുത്"; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അഷ്റഫിന്‍റെ അമ്മ

അഷ്‌റഫ് ചെറിയ പെരുന്നാളിന് മുൻപ് വീട്ടില്‍ വന്ന് തന്നെ കണ്ട് പൈസയൊക്കെ തന്നാണ് തിരിച്ചുപോയതെന്ന് റുഖിയ പറഞ്ഞു
മംഗളൂരൂ ആള്‍ക്കൂട്ടക്കൊലപാതകം: "അവനെ കൊന്നവരെ വെറുതെ വിടരുത്"; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അഷ്റഫിന്‍റെ അമ്മ
Published on

മകനെ കൊന്നവരെ വെറുതെ വിടരുതെന്ന് മംഗലാപുരത്ത് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഷ്റഫിന്റെ മാതാവ്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഷ്റഫിന്റെ അമ്മ റുഖിയ. ഈ ഗതി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു. വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിനെ 25 പേർ ചേർന്നാണ് മ‍ർദിച്ച് കൊല്ലപ്പെടുത്തിയത്.


അഷ്‌റഫ് ചെറിയ പെരുന്നാളിന് മുൻപ് വീട്ടില്‍ വന്ന് തന്നെ കണ്ട് പൈസയൊക്കെ തന്നാണ് തിരിച്ചുപോയതെന്ന് റുഖിയ പറഞ്ഞു. പ്രതികൾക്ക് സർക്കാർ തക്കതായ ശിക്ഷ നൽകണമെന്നും അഷ്റഫിന്റെ മാതാപിതാക്കൾ പറഞ്ഞു.

ആൾക്കൂട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ. ആൾക്കൂട്ടക്കൊലപാതകം ആണെന്ന് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും, ചികിത്സ വൈകിയത് പൊലീസിന്റെ വീഴ്ചയെന്നുമാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര പി, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.


മംഗളൂരു നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറിയുള്ള കുടുപ്പുവിലെ ക്ഷേത്ര മൈതാനത്തായിരുന്നു അതിക്രൂരമായ ആൾക്കൂട്ട മർദനമുണ്ടായത്. ആക്രമണത്തിന് ശേഷം രണ്ട് മണിക്കൂറോളം അഷ്‌റഫ്‌ ജീവനായി മല്ലിട്ടു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന അഷ്‌റഫ്‌ കളി നടന്നുകൊണ്ടിരിക്കെ മൈതാനത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ സച്ചിനും അഷ്‌റഫും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പിന്നാലെ സച്ചിന്റെ നേതൃത്വത്തിൽ 25 ഓളം പേർ ചേർന്ന് മർദിച്ചെന്നും സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് അഷ്‌റഫിന്റെ മരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂര മർദനത്തിന് ശേഷം 25 പേരടങ്ങുന്ന സംഘം അഷ്റഫിനെ റോഡിലുപേക്ഷിച്ച് പോവുകയായിരുന്നു. ആന്തരിക രക്ത ശ്രാവമാണ് മരണ കാരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com