
മാധവനും ശാലിനിയും ഇല്ലാത്ത അലൈ പായുതേ സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടിയിരുന്നത് അങ്ങനെയാണെന്ന് പറയുകയാണ് സംവിധായകന്‍ മണിരത്‌നം. ബോളിവുഡിലെ ഹിറ്റ് താര ജോഡികളെയായിരുന്നത്രേ ഈ സിനിമയ്ക്കായി മണിരത്‌നം ആദ്യം മനസ്സില്‍ കരുതിയിരുന്നത്.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതാകുകയും അതേ പ്രമേയം ശാലിനിയേയും മാധവനേയും ലീഡ് റോളിലാക്കി സംവിധാനം ചെയ്യുകയായിരുന്നുവെന്നാണ് മണിരത്‌നം പറയുന്നത്. G5A റെട്രോസ്പെക്റ്റീവ് ഓപ്പണ്‍ ഫോറത്തിലാണ് മണിരത്‌നം 2000 ല്‍ പുറത്തിറങ്ങിയ തന്റെ ഹിറ്റ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
തമിഴില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയും പിന്നീട് ബോളിവുഡില്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ബോളിവുഡില്‍ വിവേക് ഒബ്‌റോയ്, റാണി മുഖര്‍ജിയുമായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഷാദ് അലിയായിരുന്നു ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്തത്.
സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ ഹിന്ദിയില്‍ ഒരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് മണിരത്‌നം പറയുന്നു. ഷാരൂഖ് ഖാനും കജോളുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഷാരൂഖുമായി കഥ ചര്‍ച്ച ചെയ്യുകയും അദ്ദേഹം സമ്മതം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, സിനിമയുടെ ക്ലൈമാക്‌സ് എങ്ങനെ വേണമെന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നതിനാല്‍ ആ പ്ലാന്‍ നടക്കാതെ പോയെന്ന് മണിരത്‌നം പറയുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായ രണ്ട് യുവാക്കളുടെ ദാമ്പത്യ ജീവിതവും അതിലുണ്ടാകുന്ന പിരിമുറുക്കങ്ങളുമാണ് അലൈ പായുതേ പറയുന്നത്. സിനിമയുടെ ക്ലൈമാക്‌സ് എങ്ങനെയാകണമെന്നതില്‍ തനിക്ക് വ്യക്തതക്കുറവുണ്ടായിരുന്നു. അത് പരിഹരിക്കാനായില്ല, അങ്ങനെ ഷാരൂഖിനെ നായകനാക്കി ദില്‍ സേ ഒരുക്കി.
1998 ല്‍ ഷാരൂഖിനേയും മനീഷ കൊയ്‌രാളയേയും പ്രധാന വേഷത്തില്‍ അവതരിപ്പിച്ച ദില്‍സേയുടെ ചിത്രീകരണത്തിനിടയിലാണ് അലൈ പായുതേയുടെ കഥ എങ്ങനെയാകണമെന്നതില്‍ വ്യക്തത വന്നത്. ദില്‍സേ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ അലൈപായുതേയിലെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും സംവിധായകന്‍ പറഞ്ഞു.