തെക്കിനി തുറന്ന് നാഗവല്ലി തിരിച്ചെത്തി; 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4K 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിൽ

Manichithrathazhu Re Release: ആദ്യ ദിനമായ ഇന്ന് നൂറിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബുക്കിംഗിന് മികച്ച പ്രതികരണമാണ് കേരളത്തിലെ തിയേറ്ററുകളിലെല്ലാം ലഭ്യമായി കൊണ്ടിരിക്കുന്നത്
തെക്കിനി തുറന്ന് നാഗവല്ലി തിരിച്ചെത്തി; 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4K 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിൽ
Published on


മലയാളത്തിൻ്റെ എവർഗ്രീൻ സ്റ്റാറുകളായ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി, അത്ഭുത പ്രകടനങ്ങളാൽ മാന്ത്രികത തീർത്ത മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിലൊന്നാണ് 'മണിച്ചിത്രത്താഴ്'. 1993ൽ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഫാസിൽ ചിത്രത്തിൻ്റെ 4K ദൃശ്യമികവോടെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തുന്നത്.

ആദ്യ ദിനമായ ഇന്ന് നൂറിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബുക്കിംഗിന് മികച്ച പ്രതികരണമാണ് കേരളത്തിലെ തിയേറ്ററുകളിലെല്ലാം ലഭ്യമായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററായ ഏരീസ് പ്ലക്സിൽ അധിക ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ക്ലാസിക് സൈക്കോ-ത്രില്ലർ മലയാള ചിത്രം റീ റിലീസ് ചെയ്യുന്നത്. 1993ല്‍ റിലീസായ ചിത്രത്തിന് ഇന്നും കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, ഇന്നസെന്‍റ്, നെടുമുടി വേണു, കെപിഎസി ലളിത, വിനയ പ്രസാദ്, പപ്പു തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ തന്നെ മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

READ MORE: മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനെ മറക്കാനാകുമോ; കുതിരവട്ടം പപ്പുവിന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് ബിനു പപ്പു


എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കി ബിച്ചു തിരുമല, വാലി എന്നിവര്‍ എഴുതിയ മണിച്ചിത്രത്താഴിലെ ഗാനങ്ങളെല്ലാം എവർഗ്രീൻ ഹിറ്റുകൾ തന്നെയാണ്. ജോൺസണ്‍ മാസ്റ്റര്‍ ആയിരുന്നു പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നത്. വേണു ഛായാഗ്രഹണവും ടി.ആര്‍. ശേഖര്‍ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ നാഗവല്ലിയെയും ഗംഗയെയും അവിസ്മരണീയമാം വിധം അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ലഭിച്ചിരുന്നു.

1993ലെ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിന് പുറമെ മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രം ബോളിവുഡില്‍ ഉള്‍പ്പടെ നാലോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. കന്നടയിൽ ആപ്തമിത്ര, തമിഴിൽ ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴിലും ഹിന്ദിയിലും ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടായി. കഴിഞ്ഞ വര്‍ഷം കേരളീയം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന സിനിമാ പ്രദര്‍ശനത്തില്‍ 'മണിച്ചിത്രത്താഴ്' കാണാനെത്തിയവരുടെ തിരക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എക്സ്ട്രാ ഷോകള്‍ നടത്തിയാണ് അന്ന് തിരക്ക് നിയന്ത്രിച്ചത്.

READ MORE: 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നാഗവല്ലി ! മണിച്ചിത്രത്താഴ് റീ-റിലീസ് ടീസര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com