മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വെച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വെച്ചു
Published on

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി. കഴിഞ്ഞ ദിവസം സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നാളെ അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജി.

സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും, വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. പിന്നാലെ സംസ്ഥാനത്തെ ബിജെപിയിലുണ്ടായേക്കാവുന്ന ഭിന്നത ശമിപ്പിക്കാനാണ് ബിരേൻ സിങ്ങിൻ്റെ രാജി. ഞായറാഴ്ച വൈകുന്നേരത്തോടെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിച്ചു. ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഗവർണർക്ക് സമർപ്പിച്ച കത്തിൽ ബിരേൻ സിങ് പറഞ്ഞു

സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എൻപിപിയെ ഒഴിച്ചുനിർത്തിയാലും ബിജെപിക്ക് അംഗബലമുണ്ടെങ്കിലും സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പാർട്ടി വിപ്പിനെ അവഗണിക്കാനുള്ള സാധ്യതയുണ്ട്. ആ സാധ്യത ഒഴിവാക്കാനാണ്, കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.

ഞായറാഴ്ച രാവിലെ ഡൽഹിയിലേക്ക് പോയ ബിരേൻ സിങ്, പാർട്ടി മേധാവി ജെ.പി. നദ്ദയെയും കേന്ദ്രമന്ത്രി അമിത് ഷായെയും കണ്ടു. 12 ഓളം എംഎൽഎമാർ നേതൃമാറ്റത്തിനായി ശക്തമായി സമ്മർദം ചെലുത്തുന്നുണ്ട്. കൂടാതെ ആറ് നിഷ്പക്ഷരായ ആറ് നേതാക്കളുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മണിപ്പൂരിൽ പാർട്ടിക്കെതിരായ നീക്കമുണ്ടാവാൻ പാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.


രാജ്യവ്യാപകമായും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും തിരിച്ചടികൾ കണ്ട സംസ്ഥാനത്തെ വംശീയ അക്രമം അരങ്ങേറി ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ബിരേൻ സിങ് തീരുമാനമെടുത്തത്. സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള സാധ്യത നിലനിന്നിരുന്നു. കലാപം നിറഞ്ഞ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സിങ് അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് രാജി. 2023 മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 250-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 



Related Stories

No stories found.
News Malayalam 24x7
newsmalayalam.com