
പാരിസ് പാരാലിംപിക്സിൽ സ്വർണ നേട്ടത്തിന് പിന്നാലെ വെള്ളി മെഡലും നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാളാണ് വെള്ളി മെഡൽ നേടിയത്. കൊറിയയുടെ ജോങ്ഡു ജോ സ്വർണം നേടിയപ്പോൾ ചൈനയുടെ യാങ് ചോ വെങ്കലം നേടി.
വളരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന നർവാൾ സ്വർണം നേടുമെന്നുതന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അവസാന ആറ് ഷോട്ടുകളിൽ നർവാളിന് പിഴച്ചു. പത്തിന് മുകളിൽ രണ്ട് തവണ മാത്രമാണ് നർവാളിന് സ്കോർ ചെയ്യാനായത്. പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് ലഭിക്കുന്ന നാലാമത് മെഡലാണ് ഇത്. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അവനി ലേഖര സ്വർണവും മോന അഗര്‍വാള്‍ വെങ്കലവും നേടിയിരുന്നു.
പാരാലിംപിക്സിൽ സ്വർണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായിക താരമാണ് അവനി. 1972ൽ മുരളികാന്ത് പേട്കറാണ് ആദ്യമായി ഇന്ത്യക്ക് പാരാലിംപിക്സിൽ സ്വർണം നേടിയിട്ടുള്ളത്. 2004ലും 2016ലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജരിയ ഇന്ത്യക്കായി സ്വർണം നേടിയിട്ടിട്ടുണ്ട്. 2016 റിയോ പാരാലിംപിക്സിൽ തമിഴ്നാട് താരം തങ്കവേലു മാരിയപ്പനും സ്വർണവുമായി ഇന്ത്യയുടെ അഭിമാനമുയർത്തി.