

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്ക് സ്റ്റേ നൽകി ഹൈക്കോടതി. കാസര്‍ഗോഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് വിധിക്കെതിരെ സർക്കാർ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകിയത്.
പ്രതികൾ നൽകിയ രേഖകൾക്കാണ് പ്രോസിക്യൂഷൻ രേഖകളേക്കാൾ കോടതി പ്രാധാന്യം നൽകിയത്. വിചാരണയ്ക്ക് മുമ്പേ കേസ് തീർപ്പുകൽപ്പിക്കുന്ന പ്രവണത കോടതി കാണിച്ചുവെന്നും സർക്കാർ ഹർജയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വെറുതെവിടാൻ കാരണമായത് പ്രോസിക്യൂഷൻ്റെ വീഴ്ചകളാണെന്ന കോടതി കണ്ടെത്തൽ സർക്കാരിനും ആഭ്യന്തര വകുപ്പിനും തിരിച്ചടിയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ.സുരേന്ദ്രനെതിരെ കോഴ ആരോപണം ഉയർന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കെ. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ. മണികണ്ഠ റൈ രണ്ടാം പ്രതിയും, സുരേഷ് നായ്ക്ക് മൂന്നാം പ്രതിയുമായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരും പ്രതികളായിരുന്നു.
സിപിഎം സ്ഥാനാർഥിയായിരുന്ന വി.വി. രമേശനാണ് കോഴ ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ അന്വേഷണത്തിലും കേസ് നടത്തിപ്പിലും പൊലീസും പ്രോസിക്യൂഷനും വീഴ്ച വരുത്തിയത് ബോധപൂർവം ആയിരുന്നെന്ന ആരോപണമാണ് ഉയരുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതും, പ്രതികൾക്കെതിരെ എസ്.സി/ എസ്.ടി വകുപ്പ് ചേർത്തതും ഉൾപ്പെടെയുള്ള വീഴ്ചകൾ വിധിന്യായത്തിൽ കോടതി എടുത്തു പറഞ്ഞിരുന്നു. മഞ്ചേശ്വരം കോഴക്കേസിലെ കോടതി വിധി വന്നതോടെ സിപിഎം-ആർഎസ്എസ് ഡീലിൻ്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.