ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍

ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലാണ് മന്‍മോഹന്‍ സിങ്ങിന് കേന്ദ്രസര്‍ക്കാര്‍ അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍
Published on

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിൻ്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. മന്‍മോഹന്‍ സിങ്ങിൻ്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.


ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലാണ് മന്‍മോഹന്‍ സിങ്ങിന് കേന്ദ്രസര്‍ക്കാര്‍ അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതല്‍ ഒമ്പതര വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 9.30 ഓടെ വിലാപയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് പുറപ്പെടും. രാവിലെ 11.45 ഓടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇന്ന് പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ഇതിനായി ട്രസ്റ്റ് രൂപീകരിക്കുകയും സ്ഥലം കണ്ടെത്തുകയും വേണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തെയും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ, സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com