
മാന്നാർ കൊലക്കേസ് പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു പ്രതികളെയും മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് പൊലീസ് വീണ്ടും കോടതിയെ സമീപിച്ചത്. പൊലീസ് ആവശ്യപ്പെട്ട മൂന്ന് ദിവസം കോടതി അനുവദിച്ചു. മാവേലിക്കര കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ജൂലൈ 11 വരെയാണ് കസ്റ്റഡി നീട്ടിയത്.
കഴിഞ്ഞ ദിവസമാണ് മാന്നാറിലെ കൊലക്കേസില്‍ അയല്‍വാസിയുടെ നിര്‍ണായകമായ വെളിപ്പെടുത്തലുണ്ടായത്. കലയുടെ മൃതദേഹം കണ്ടെന്നാണ് എഴുപതുകാരനായ അയല്‍വാസി സോമന്‍ പൊലീസിന് മൊഴി നല്‍കിയത്. മൃതദേഹം മറവ് ചെയ്യാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രതികള്‍, കൊല ചെയ്ത ദിവസം പുലര്‍ച്ചെ തന്നെ സമീപിച്ചിരുന്നു എന്നാണ് സോമന്‍റെ മൊഴി. സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കടയിലേക്കാണ് പ്രതികള്‍ എത്തിയത്.
വാഹനത്തില്‍ കലയുടെ മൃതദേഹം കാണുകയും ചെയ്തു. മൃതദേഹം മറവു ചെയ്യാനുള്ള മണ്‍വെട്ടി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാറില്‍ ഉണ്ടായിരുന്നതായും, വെള്ള മാരുതി കാറിലാണ് മൃതദേഹം കണ്ടതെന്നും സോമന്‍ മൊഴി നല്‍കി. മൃതദേഹം പ്രദേശത്തുള്ള മീന്‍കുളത്തില്‍ തള്ളാനും പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും പേടിച്ചിട്ടാണ് പറയാതിരുന്നതെന്നും സോമന്‍ പറഞ്ഞു.
15 വര്‍ഷം മുമ്പാണ് കല എന്ന യുവതിയെ കാണാതാകുന്നത്. മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കല വീട്ടില്‍ നിന്ന് ഇറങ്ങി പോയതാണ്, കേസില്‍ പ്രതിയായ കലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് പറഞ്ഞ് പരത്തിയിരുന്നത്. എന്നാല്‍, കല ജീവിച്ചിരിപ്പില്ലെന്നും കൊല്ലപ്പെട്ടെന്നുമുള്ള വിവരം ആദ്യം പുറത്തുവരുന്നത് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിലൂടെയാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിക്കുന്നത്. അതേസമയം, കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവുചെയ്‌തെന്ന സൂചനയെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും മൃതദേഹം കലയുടേതാണെന്ന് തെളിയിക്കാന്‍ തക്ക അവശിഷ്ടങ്ങളൊന്നും കിട്ടിയിട്ടില്ല.
മാന്നാറിൽ 15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽ കുമാർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനിലിന് പുറമെ ജിനു, സോമന്‍, പ്രമോദ് എന്നിവര്‍, രണ്ടും മൂന്നും നാലും പ്രതികളാണ്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. കൂട്ടുപ്രതികൾ അറിയാതെ, ഒന്നാം പ്രതി അനിൽ കുമാർ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.