
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. എം.ആര്. അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാം ചുമതലയേറ്റത്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയത്. ഇന്റലിജന്‍സ് മേധാവിയായി പി. വിജയന് ഐപിഎസ് ചുമതലയേല്‍ക്കും.
പി.വി. അന്‍വര്‍ ആണ് എം.ആര്. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണം ആദ്യം ഉന്നയിച്ചത്. പൂരം കലക്കല്‍ വിവാദം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയുമടക്കം അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു.
ALSO READ: പി. വിജയന് പുതിയ ഇൻ്റലിജൻസ് എഡിജിപി
സ്ഥാനത്ത് നിന്ന് നീക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ തയ്യാറായത്. സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആരോപണം നേരിട്ട മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെതിരെയും സര്‍ക്കാര്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.