വീട്ടമ്മ ഓര്‍ഡര്‍ ചെയ്തത് ഫാനും ലൈറ്റും; പാഴ്‌സലില്‍ ലഭിച്ചത് പുരുഷന്റെ മൃതദേഹം

മൃതശരീരത്തിനൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
വീട്ടമ്മ ഓര്‍ഡര്‍ ചെയ്തത് ഫാനും ലൈറ്റും; പാഴ്‌സലില്‍ ലഭിച്ചത് പുരുഷന്റെ മൃതദേഹം
Published on

ആന്ധ്രപ്രദേശില്‍ വൈദ്യുതി ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് പുരുഷന്റെ മൃതദേഹം. ആന്ധ്ര പ്രദേശിലെ ഗോദാവരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാഗ തുളസി എന്ന സ്ത്രീയെ തേടിയാണ് അജ്ഞാത മൃതശരീരം പാഴ്‌സലില്‍ എത്തിയത്.

വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് സ്ഥലത്തുള്ള ക്ഷത്രിയ സേവാ സമിതിയില്‍ വീട്ടമ്മ അപേക്ഷ നല്‍കിയിരുന്നു. സമിതി ഇവര്‍ക്ക് വീട്ടിലേക്കുള്ള ടൈല്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഫാന്‍, ലൈറ്റ്, സ്വിച്ച് ബോര്‍ഡ് എന്നിവ ആവശ്യപ്പെട്ട് വീട്ടമ്മ വീണ്ടും സമിതിക്ക് അപേക്ഷ നല്‍കി.

വ്യാഴാഴ്ച രാത്രി ഒരാള്‍ എത്തി വീട്ടമ്മയ്ക്ക് പാഴ്‌സല്‍ കൈമാറി. ആവശ്യപ്പെട്ട വൈദ്യുതി ഉപകരണങ്ങളാണ് എന്നായിരുന്നു അറിയിച്ചിരുന്നത്. ഫാനും ലൈറ്റും പ്രതീക്ഷിച്ച് പാഴ്‌സല്‍ തുറന്ന വീട്ടമ്മ കണ്ടത് ഒരു മൃതദേഹം. ഭയന്ന സ്ത്രീ വീട്ടുകാരേയും വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസിനെ അറിയിച്ചത്.


മൃതശരീരത്തിനൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയില്ലെങ്കില്‍ ഗുരുരതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. മൃതദേഹം സ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടമ്മയ്ക്ക് പാഴ്‌സല്‍ എത്തിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിനായി ക്ഷത്രീയ സേവാ സമിതിക്കും പൊലീസ് സമന്‍സ് നല്‍കിയിട്ടുണ്ട്. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പാഴ്‌സലിലുണ്ടായിരുന്നത്. മൃതദേഹത്തിന് 4-5 ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായി സ്ഥലത്ത് അടുത്തിടെ കാണാതായവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com