മാവോയിസ്റ്റ് ഭീതിയിൽ വയനാട്; ജില്ലയിൽ സംഘത്തിൻ്റെ പ്രവര്‍ത്തനം സജീവമാകുന്നെന്ന് പൊലീസ്

കഴിഞ്ഞ ദിവസം മേലെ തലപ്പുഴയില്‍ നിന്ന് കുഴി ബോംബ് കണ്ടെത്തിയതോടെയാണ് മാവോയിസ്റ്റ് പ്രവർത്തനം വീണ്ടുമാരംഭിച്ചെന്ന നിഗമനത്തിൽ പൊലീസ് എത്തിചേർന്നത്
മാവോയിസ്റ്റ് ഭീതിയിൽ വയനാട്; ജില്ലയിൽ സംഘത്തിൻ്റെ പ്രവര്‍ത്തനം സജീവമാകുന്നെന്ന് പൊലീസ്
Published on

വയനാട് മേലേ തലപ്പുഴയില്‍ കുഴി ബോംബ് കണ്ടെത്തിയതോടെ ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാകുന്നെന്ന് പൊലീസ് വിലയിരുത്തല്‍. കൊടക്കാട് വനമേഖലയില്‍ നിന്നാണ് വീണ്ടും കുഴി ബോംബ് കണ്ടെത്തിയത്. കൂടുതൽ ആയുധശേഖരങ്ങൾ കണ്ടെത്തിയതോടെ പ്രദേശത്തെ മാവോയിസ്റ്റ് പ്രവർത്തനം ശക്തമായി നിരീക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അംഗബലം കുറവാണെങ്കിലും മക്കിമലയില്‍ അടിക്കടി മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവാറുണ്ട്. മക്കിമല, കമ്പമല, തലപ്പുഴ തുടങ്ങിയ പ്രദേശങ്ങളാണ് മാവോയിസ്റ്റുകളുടെ സ്ഥിരം താവളങ്ങള്‍. ഒരു ഇടവേളയ്ക്ക് ശേഷം കമ്പമലയിലെ വനം വികസന കോര്‍പ്പറേഷൻ്റെ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അടിച്ചു തകര്‍ത്താണ് മാവോയിസ്റ്റുകള്‍ വയനാട്ടില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. ആറു പേരടങ്ങുന്ന സംഘം അന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസിൻ്റെ ചുമരില്‍ തമിഴിലും മലയാളത്തിലും എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചു. ശേഷം തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിടികൂടാനായില്ല. പൊലീസും തണ്ടര്‍ബോള്‍ട്ടും എത്തിയെങ്കിലും മൂന്നാംനാള്‍ കമ്പമലയില്‍ നിന്ന് അധികം അകലെയല്ലാത്ത പൊയിലിലെ വീട്ടിലെത്തി അരിയും ഭക്ഷണസാധനങ്ങളുമായി മാവോയിസ്റ്റ് സംഘം മടങ്ങി. ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ഏഴോടെ കമ്പമലയിലെത്തിയ ഇവർ പൊലീസിൻ്റെ നിരീക്ഷണ ക്യാമറ അടിച്ചു തകര്‍ത്തു. പിന്നീടും കമ്പമലയിലും മക്കിമലയിലും മാവോയിസ്റ്റുകളെത്തി.

മക്കിമലയാണ് മാവോയിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം. ഇവിടെ നിന്നും കണ്ണൂരിലേക്കും കര്‍ണാടകയിലേക്കും വനത്തിലൂടെ എളുപ്പം കടക്കാൻ സാധിക്കുമെന്നതാണ് അതിനുള്ള കാരണം. കമ്പമലയിലെ തൊഴിലാളികളുടെ ദുരവസ്ഥ മുതലെടുത്ത് അവരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമം ആദ്യഘട്ടത്തില്‍ മാവോയിസ്റ്റുകൾ നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളില്‍ നിന്നും വേണ്ടത്ര സ്വീകാര്യത മാവോയിസ്റ്റുകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 24നാണ് അവസാനമായി കമ്പമലയില്‍ മാവോയിസ്റ്റുകളെത്തിയത്. നാലു പേരടങ്ങുന്ന സംഘമെത്തി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മടങ്ങുകയായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ തൊഴിലാളികള്‍ തന്നെ പകര്‍ത്തി പൊലീസിനു നല്‍കിയിരുന്നു.

സിപി മൊയ്തീന്‍, ആഷിഖ് എന്ന മനോജ്, സന്തോഷ്, സോമന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥിരമായി മക്കിമല, കമ്പമല പ്രദേശങ്ങളിലെത്തുന്നത്. ഇപ്പോള്‍ മക്കിമലയില്‍ നിന്ന് കുഴിബോംബ് കൂടി കണ്ടെടുത്തതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com