
മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കേരളാ- കർണാടക വനാതിർത്തിയിൽ ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കി തണ്ടർ ബോൾട്ട്. അവശേഷിക്കുന്ന മാവോയിസ്റ്റ് സംഘം കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന.
വിക്രം ഗൗഡ കൊല്ലപ്പെട്ടതിന് പിന്നാലെ കേരള വനാതിർത്തികളിൽ തണ്ടർബോൾട്ട് സേന പരിശോധന ശക്തമാക്കിയിരുന്നു . ഇതിന്റെ ഭാഗമായാണ് കേരളാ- കർണ്ണാടക വനാതിർത്തിയിൽ പ്രത്യേക സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത്. വയനാട് എഎസ്പി ടി.എൻ. സജീവൻ, പേരാവൂർ ഡിവൈഎസ്‍പി കെ.വി. പ്രമോദൻ എന്നിവരും നക്‌സൽ വിരുദ്ധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തിയത്.
Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്നം: 43-ാം ദിവസത്തിലേക്ക് കടന്ന് റിലേ നിരാഹാര സമരം
മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണ്ണാടക, കേരള വന മേഖലയിലൂടെയായിരുന്നു ഹെലികോപ്റ്ററിൽ നിരീക്ഷണം. 13 അംഗങ്ങൾ ഉണ്ടായിരുന്ന മാവോയിസ്റ്റ് കബനി ദളം അഭിപ്രായ ഭിന്നതയെ തുടർന്ന് രണ്ടായി പിരിഞ്ഞതോടെയാണ് ഒൻപത് അംഗങ്ങൾ അടങ്ങിയ സംഘം വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിലേക്ക് പിന്മാറിയത്. സി.പി. മൊയ്തീൻ ഉൾപ്പെടുന്ന നാലംഗ സംഘത്തിൽ ഒരാൾ ഒഴിച്ച് എല്ലാവരും കേരള പൊലീസിന്റെ പിടിയിലായിരുന്നു. ഈ സാഹചര്യത്തിൽ കർണാടകയിലേക്ക് പോയ സംഘം വീണ്ടും കേരളത്തിലെത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.