"മറഡോണയെ വൃത്തികെട്ട സ്ഥലത്ത് കൊണ്ടുചെന്നിട്ടു, ചികിത്സ നാടകം"; മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ

ആരോഗ്യം വീണ്ടെടുക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചിരുന്നു.
"മറഡോണയെ വൃത്തികെട്ട സ്ഥലത്ത് കൊണ്ടുചെന്നിട്ടു, ചികിത്സ നാടകം"; മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ
Published on


അർജൻ്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ ചികിത്സിച്ചിരുന്ന ന്യൂറോ ഡോക്ടർക്ക് വീഴ്ചയുണ്ടെന്ന ആരോപണവുമായി കോടതിയെ സമീപിച്ച് മകൾ. 2020ലാണ് മറഡോണ അനാരോഗ്യത്തെ തുടർന്ന് മരിച്ചത്. ഇതിഹാസ ഫുട്ബോളർക്ക് വീട്ടിൽ വെച്ച് തന്നെ ചികിത്സ നൽകുകയാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവെച്ചത് ഡോക്ടർ ലൂക്ക് ആണെന്നും, പിതാവിന് എന്ത് ചികിത്സയാണ് ലഭിച്ചിരുന്നതെന്ന് തന്നോട് വിശദീകരിക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടില്ലെന്നും ജിയാനിന മറഡോണ വിമർശിച്ചു.



മറഡോണയുടെ പ്രാഥമികാരോഗ്യ ഡോക്ടറായിരുന്ന ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്ക്. മറഡോണയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് വിചാരണ നേരിടുന്ന ഏഴ് മെഡിക്കൽ പ്രൊഫഷണലുകളിൽ ഒരാളാണ് ലൂക്ക്. തലയോട്ടിക്കും തലച്ചോറിനും ഇടയിൽ രൂപപ്പെട്ട ഹെമറ്റോമയെ തുടർന്ന്, 2020 നവംബർ 11ന് മറഡോണ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ലോസ് ഒലിവോസ് എന്ന ക്ലിനിക്കിലാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. ആരോഗ്യം വീണ്ടെടുക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചിരുന്നു. മരിക്കുമ്പോൾ 60 വയസ് മാത്രമായിരുന്നു ഇതിഹാസത്തിന് പ്രായം.



മറഡോണയ്ക്ക് ഹോം കെയറിനിടെ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആരോപണമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തുന്നത്. മറഡോണയെ ലോസ് ഒലിവോസ് ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മാറ്റുന്നതിനെ താൻ എതിർത്തിരുന്നതായി ഒരു കാർഡിയോളജിസ്റ്റ് മൊഴി നൽകിയിട്ടുണ്ട്. കുറ്റാരോപിതർക്ക് മേൽ നരഹത്യാ കുറ്റം ചുമത്തണോ എന്ന കാര്യം അർജൻ്റീനയിലെ മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് തീരുമാനിക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മറഡോണയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർക്ക് പരമാവധി 25 വർഷത്തെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.



ഒക്ടോബർ 30ന് മറഡോണയുടെ 60ാം പിറന്നാൾ ആഘോഷം മുതലുള്ള സംഭവങ്ങളാണ് ജിയാനിന മറഡോണ കോടതിയെ വിശദമായി അറിയിച്ചിരിക്കുന്നത്. "മരിക്കുന്നതിന് ഒരു മാസം മുമ്പ് പിതാവിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നു എന്ന് ഡോക്ടർ ലൂക്കിനോട് പലതവണ താൻ പലതവണ അറിയിച്ചിരുന്നു. അച്ഛൻ വളരെ നിരാശനാണെന്നും സന്തോഷവാനല്ലെന്നും, നടക്കാൻ പോലും കഴിയുന്നില്ലെന്നും ഞാൻ ലൂക്കിനോട് പറഞ്ഞു. പിതാവിൻ്റെ ആരോഗ്യസ്ഥിതി മാറിമറിയാമെന്ന മറുപടിയാണ് ഡോ. ലൂക്ക് നൽകിയത്," മകൾ ജിയാനിന പറഞ്ഞു.



"വീട്ടിലെത്തി പിതാവ് മറഡോണയെ സന്ദർശിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ നോക്കി. പക്ഷേ തിരിച്ചറിഞ്ഞില്ല. സുഖമാണോയെന്ന് ഞാൻ ചോദിച്ചു. സുഖമില്ലെന്നും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ഛൻ്റെ അവസ്ഥ കൂടുതൽ വഷളാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുമ്പോഴെല്ലാം, എന്ത് ചികിത്സയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് കൃത്യമായി പറയാൻ ഡോക്ടർക്ക് കഴിഞ്ഞിരുന്നില്ല" ജിയാനിന ആരോപിച്ചു.



സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാച്ചോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഡയസ് എന്നിവരോടൊപ്പം ന്യൂറോളജിസ്റ്റായ ഡോ. ലൂക്കും മറഡോണയ്ക്ക് ഹോം കെയർ ചികിത്സ നിർദേശിച്ചിരുന്നു. തുടക്കത്തിൽ അതിന് ഞാൻ സമ്മതിച്ചില്ലെങ്കിലും, ഡോക്ടർമാരുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി ഒടുവിൽ ആ തീരുമാനത്തെ വിശ്വസിച്ചു.



"എൻ്റെ അച്ഛൻ്റെ ആരോഗ്യം നിരീക്ഷിക്കുന്ന ഡോക്ടർമാർ ഏറ്റവും നല്ല നിർദേശം നൽകുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, മറഡോണയെ ഇരുണ്ടതും വൃത്തികെട്ടതും ഏകാന്തവുമായ ഒരു സ്ഥലത്ത് കൊണ്ട് ചെന്നിടാനുള്ളൊരു നാടകമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു," മറഡോണയുടെ മകൾ പറഞ്ഞു.



ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണയ്ക്ക്, മദ്യപാനം നിർത്തുമ്പോൾ ഉണ്ടാകാറുള്ള വിത്ത്ഡ്രോവൽ പോലെയുള്ള സങ്കീർണ്ണമായ ഒരു സൈക്കോമോട്ടോർ തകരാറുകൾ അനുഭവപ്പെട്ടിരുന്നുവെന്ന് ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ പാബ്ലോ ഡിമിട്രോഫും വെളിപ്പെടുത്തി. വീട്ടിൽ കൊണ്ടുപോയി ചികിത്സ നിഷേധിക്കരുതെന്ന് ഡിമിട്രോഫും ഉപദേശിച്ചു. പക്ഷേ മറഡോണയെ ക്ലിനിക്കിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഡോ. ലൂക്കാണ് തന്നെ അറിയിച്ചതെന്നും മെഡിക്കൽ ഡയറക്ടർ കോടതിയെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com