
മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്. സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നും സഭാ നേതൃത്വം പ്രതികരിച്ചു.
യുവവേദി പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ പാനലിൽ വി.ഡി. സതീശന്റെ പേര് വന്നിരുന്നു. എന്നാൽ പിന്നീട് പാനലിൽ നിന്നും പേരുവെട്ടുകയായിരുന്നു. അഞ്ചംഗ പാനലിൽ നിന്നും അവസാനവട്ട തെരഞ്ഞെടുപ്പ് നടത്തുന്നത് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയാണ്. ഈ ഘട്ടത്തിലാണ് വി.ഡി. സതീശന്റെ പേര് വെട്ടിയത്.
മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മണൽപ്പുറത്താണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കാറുണ്ട്. എന്നാൽ പ്രസംഗിക്കാന്‍ ഇവരിൽ ചിലർക്ക് മാത്രമാണ് അവസരം ലഭിക്കുക. കഴിഞ്ഞ വർഷം തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ യുവജനസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് മാരാമണ്‍ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.