മാരാരിക്കുളം പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത് തവിട്ട് നിറത്തിലുള്ള വെള്ളം; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് നാട്ടുകാര്‍

മലിന ജലമാണെന്ന് അറിഞ്ഞിട്ടും മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ ഇത് തന്നെ ഉപയോഗിക്കേണ്ട ദുരവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
മാരാരിക്കുളം പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത് തവിട്ട് നിറത്തിലുള്ള വെള്ളം; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് നാട്ടുകാര്‍
Published on


ആലപ്പുഴ മാരാരിക്കുളം പഞ്ചായത്തില്‍ കുടിവെള്ളത്തിനായി  ശുദ്ധജലം ലഭ്യമായിട്ട് മാസങ്ങൾ. വന്‍ തുക ചെലവാക്കി ജലസംഭരണി സ്ഥാപിച്ചിട്ടും ഇതുവരെയും കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപം. തവിട്ട് നിറത്തിലുള്ള വെള്ളമാണ് പ്രദേശവാസികള്‍ക്ക് ലഭിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.


ഈ വെള്ളമാണ് പ്രദേശവാസികള്‍ നാല് മാസമായി ഉപയോഗിക്കുന്നത്. മലിന ജലമാണെന്ന് അറിഞ്ഞിട്ടും മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ ഇത് തന്നെ ഉപയോഗിക്കേണ്ട ദുരവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കുവരെ ഈ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പ്രദേശവാസിയായ ദിവ്യ പറഞ്ഞു.

6.22 കോടി രൂപ മുടക്കി നിര്‍മിച്ച വാട്ടര്‍ടാങ്കിന്റെയും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെയും നിര്‍മാണങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. പദ്ധതികളുടെയും കോടികളുടെയും കണക്ക് ഒരു വശത്ത് പറയുമ്പോഴും കുളിക്കാനും കുടിക്കാനും ശുദ്ധജലം ലഭ്യമാക്കുന്നില്ല എന്നതാണ് വാസ്തവം.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളിലാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്നത്. പല വീടുകളിലും കുടിവെള്ള കണക്ഷനുകള്‍ പോലും ഇതുവരെയും ലഭ്യമായിട്ടില്ല.

കാട്ടൂരിലെ ജലസംഭരണിയില്‍ നിന്നുമുള്ള ജലം എത്തിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിന്മേല്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇവര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com