നിറങ്ങളുടെ ഉത്സവം; ഹോളി ആഘോഷനിറവിൽ രാജ്യം

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്
നിറങ്ങളുടെ ഉത്സവം; ഹോളി ആഘോഷനിറവിൽ രാജ്യം
Published on

ഇന്ന് ഹോളി. നിറങ്ങളിൽ നീരാടാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും മധുരപലഹാരവും ഒക്കെയായി ഹോളി ആഘോഷിക്കാൻ വിപണിയും സജ്ജമാണ്. രാവിലെ മുതൽ ആഘോഷം ആരംഭിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരസ്പരം നിറങ്ങൾ വിതറും. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

തലേദിവസം ഹോളിക ദഹൻ, പിറ്റേ ദിവസം നിറങ്ങളുടെ ഉത്സവമായ ഹോളി ഈ രീതിയിലാണ് ആഘോഷം. രണ്ടു ദിവസങ്ങളിലായി നിറങ്ങൾ കൊണ്ടുള്ള ഒരു ഉത്സവം തന്നെയാണ് തീർക്കുക. ആഘോഷം കുടുംബത്തിലും ബന്ധങ്ങളിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഹോളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഉത്തരേന്ത്യയിലെ നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെയും ബോംബ് സ്ക്വാഡിന്റെയും പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നവർക്കെതിരെയും സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്നവർക്ക് എതിരെയും കർശന നടപടി ഉണ്ടാകും.

അതേ സമയം ജുമ്അ നമസ്‌കാരവും ഹോളിയും ഒരുമിച്ച് വരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിം പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചു. മുസ്ലീം പള്ളി പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരു മതവിഭാഗങ്ങളുടെയും ആചാരങ്ങളും സുഗമമായും സമാധാനപരമായും നടത്തുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഉത്തർപ്രദേശിൽ 10 മുസ്ലീം പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചു. സംഭലിന് പിന്നാലെ അലിഗഡിലും പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. നാളെ മുസ്ലിം പള്ളികളുടെ പ്രാർത്ഥനാ സമയം ഛത്തീസ്ഗഢ് വഖഫ് ബോർഡ് പുനഃക്രമീകരിച്ചു.

പ്രധാനപ്പെട്ട നഗര മേഖലകളിൽ പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ അതിരു വിടരുതെന്നും സമാധാനപരമായി നടത്തണമെന്നുമാണ് പോലീസ് നിർദ്ദേശം . ഹോളി ആഘോഷങ്ങളുടെ ഭാഗമായി നാളെ ഡൽഹിയിലെ മെട്രോ സർവീസിലും സമയക്രമത്തിൽ മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com