ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകിയിരുന്നു
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ
Published on

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലെത്തിയ മറിയക്കുട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.


ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാനാകുന്നില്ലെന്ന് പറഞ്ഞ് മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ തോതിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. പെൻഷൻ മുടക്കിയത് സർക്കാർ ആണെന്നായിരുന്നു മറിയക്കുട്ടിയുടെ വിമർശനം. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകിയിരുന്നു. 650 സ്ക്വയർ ഫീറ്റുള്ള വീടിന്റെ താക്കോൽ അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന കെ. സുധാകരൻ നേരിട്ടെത്തിയാണ് കൈമാറിയത്. എന്നാല്‍ കോണ്‍ഗ്രസ് വേദികളില്‍ മറിയക്കുട്ടി സജീവമായിരുന്നില്ല.

വീട് വെച്ചുനൽകിയതല്ലാതെ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷം മറിയക്കുട്ടിയുടെ പ്രതികരണം. കോൺഗ്രസ് നേതാക്കളുടെ കൈയ്യിൽനിന്നു പണം എടുത്തല്ല വീട് വെച്ചുനൽകിയത്. സിപിഐഎം പലതവണ തന്നെ കൊല്ലാൻ നോക്കിയതായും മറിയക്കുട്ടി ആരോപിച്ചു. കോൺഗ്രസിനുവേണ്ടി വാദിച്ചപ്പോഴാണ് തന്നെ കൊല്ലാൻ നോക്കിയത്. സുരേഷ് ഗോപി ഇപ്പോഴും തനിക്ക് പെൻഷൻ പണം നൽകുന്നുണ്ട്. കോവിഡ് സമയത്ത് നരേന്ദ്ര മോദി നൽകിയ പണം വാങ്ങിയാണ് അരി വാങ്ങിച്ചതെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com