പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്

ഗുരുതരമായ ദേശീയ പ്രതിസന്ധി ഇല്ലാതിരിക്കെ, പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി
യൂന്‍ സൂക് യോള്‍
യൂന്‍ സൂക് യോള്‍
Published on


ഒടുവില്‍, ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്. പട്ടാളഭരണം നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇംപീച്ച്മെന്റ് നേരിട്ടാണ് യൂന്‍ പുറത്താകുന്നത്. കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ ഇംപീച്ച്മെന്റ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന ശരിവയ്ക്കുകയായിരുന്നു. എത്രയും വേഗം പദവിയൊഴിയണമെന്നാണ് വിധി. പ്രസിഡന്റ് വസതി ഉള്‍പ്പെടെ വേഗം ഒഴിയേണ്ടിവരും. യൂന്‍ ഔദ്യോഗികമായി നീക്കപ്പെടുന്നതോടെ, 60 ദിവസത്തിനകം ദക്ഷിണകൊറിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

പട്ടാളനിയമത്തെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ തള്ളിയതോടെയാണ് യൂന്‍ ഇംപീച്ച്മെന്റ് നേരിടേണ്ടിവന്നത്. പാർലമെന്റില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇംപീച്ച്മെന്റില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് അവസാനവാക്ക്. എട്ട് അംഗങ്ങളുള്ള ബെഞ്ചില്‍ ആറ് പേരെങ്കിലും അനുകൂലിക്കേണ്ടിയിരുന്നു. എന്നാല്‍ ബെഞ്ച് ഐകകണ്ഠ്യേന ഇംപീച്ച്മെന്റ് നടപടി ശരിവയ്ക്കുകയായിരുന്നു. ഗുരുതരമായ ദേശീയ പ്രതിസന്ധി ഇല്ലാതിരിക്കെ, പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ബെഞ്ച് കണ്ടെത്തി. യൂന്‍ പറയുന്ന കാരണങ്ങള്‍ ഒരിക്കലും നിതീകരിക്കാനാകില്ല. പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചിരുന്നില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും, സേനാ മേധാവി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും ആക്ടിങ് ഹെഡ് ജഡ്ജ് മൂണ്‍ ഹ്യൂങ് ബേ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ മൂന്നിന് അര്‍ധരാത്രിയോടെയാണ് ഭരണപക്ഷത്തെയും ഞെട്ടിച്ചുകൊണ്ട് യൂന്‍ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. ദേശവിരുദ്ധ ശക്തികളെയും ഉത്തരകൊറിയന്‍ ചാരന്മാരെയും അടിച്ചമർത്താനുള്ള അവസാനവഴിയെന്നായിരുന്നു നടപടിയെ യൂന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി. തെരുവുകള്‍ കയ്യടക്കിയ ടാങ്കറുകളെയും, തോക്കേന്തിയ സൈനികരെയും വകവയ്ക്കാതെ ജനം സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി. അതോടെ, സ്വന്തം പാർട്ടി നേതാക്കളുടെ പോലും പിന്തുണയില്ലാതെ യൂന്‍ ഒറ്റപ്പെട്ടു. പാര്‍ലമെന്റ് വളഞ്ഞ സൈനികസംഘത്തെയും മറികടന്ന് അകത്തുപ്രവേശിച്ച അംഗങ്ങള്‍ പട്ടാളനിയമം റദ്ദാക്കാന്‍ വോട്ട് ചെയ്തു. പ്രഖ്യാപിച്ച് അര മണിക്കൂറിനുള്ളില്‍ സൈനിക നിയമം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു.

ജനാധിപത്യത്തെ അട്ടിമറിച്ചുള്ള യൂനിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ദേശവിരുദ്ധപ്രവർത്തനവും കലാപാഹ്വാനവും ആരോപിച്ച് ഡിസംബർ ഏഴിന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി യൂനിനെതിരെ ആദ്യ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസാകാന്‍ ഭരണകക്ഷിയുടെ എട്ട് വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ യൂനിന്‍റെ പീപ്പിള്‍സ് പവർ പാർട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. ഡിസംബർ 14ന് പ്രതിപക്ഷം വീണ്ടും പ്രമേയം കൊണ്ടുവന്നു. ഇക്കുറി പീപ്പിള്‍സ് പവറിന്‍റെ എംപിമാരും അനുകൂലിച്ച് വോട്ടുചെയ്തതോടെ യൂന്‍ ഇംപീച്ച് ചെയ്യപ്പെട്ടു. ജനുവരിയില്‍ കലാപക്കുറ്റം ചുമത്തി അറസ്റ്റുചെയ്തെങ്കിലും, സിയോൾ ജില്ലാ കോടതി അറസ്റ്റ് റദ്ദാക്കി മാർച്ച് എട്ടിന് യൂനിനെ ജയില്‍ മോചിതനാക്കിയിരുന്നു. ഇംപീച്ച്മെന്റ് നടപടി സുപ്രീം കോടതി ശരിവച്ചതോടെ, യൂന്‍ ഔദ്യോഗികമായി സ്ഥാനമൊഴിയേണ്ടിവരും. പിന്നാലെ, രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പും നടത്തണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com