

ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോമും ഭര്‍ത്താവും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഭര്‍ത്താവ് ഓന്‍ലറും വേര്‍പിരിഞ്ഞാണ് താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓന്‍ലര്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മൂന്ന് കോടി രൂപയോളമാണ് മേരിയും ഭര്‍ത്താവും ചേര്‍ന്ന് ചെലവഴിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഓന്‍ലര്‍ പരാജയപ്പെട്ടതോടെ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇത് ദമ്പതികള്‍ തമ്മില്‍ അകല്‍ച്ചയ്ക്ക് കാരണമായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മേരി കോം നാല് മക്കള്‍ക്കൊപ്പം ഫരീദാബാദിലും ഓന്‍ലര്‍ ഡല്‍ഹിയിലുമാണ് കഴിയുന്നത്. പ്രചരണത്തിനായി ചെലവഴിച്ച കോടികള്‍ നഷ്ടമായതില്‍ മേരി കോമിനുള്ള അതൃപ്തിയാണ് അകല്‍ച്ചയ്ക്ക് കാരണം എന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓന്‍ലര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും മേരി കോമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മത്സരത്തിന് ഇറങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിപ്പൂരിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന് മേരി കോമിന് ഓന്‍ലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായെന്നും കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, വേര്‍പിരിയുന്നതായുള്ള വാര്‍ത്തകളോട് മേരി കോമോ ഓന്‍ലറോ പ്രതികരിച്ചിട്ടില്ല. 2005 ലായിരുന്നു മേരി കോമും ഫുട്‌ബോള്‍ താരമായ ഓന്‍ലറും തമ്മിലുള്ള വിവാഹം.