ടിഐഎസ്എസിൽ കൂട്ട പിരിച്ചുവിടൽ; ട്രസ്റ്റിൽ നിന്ന് ഫണ്ടില്ലെന്ന് വിശദീകരണം

നാല് കാമ്പസുകളിൽ നിന്നുമായി 55 അധ്യാപകരെയും, 60ഓളം അനധ്യാപക ജീവനക്കാരെയുമാണ് ടിഐഎസ്എസ് വെള്ളിയാഴ്ച പിരിച്ചുവിട്ടത്.
ടിഐഎസ്എസിൽ കൂട്ട പിരിച്ചുവിടൽ; ട്രസ്റ്റിൽ നിന്ന് ഫണ്ടില്ലെന്ന് വിശദീകരണം
Published on

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിഐഎസ്എസ്) ഒരു അറിയിപ്പും ഇല്ലാതെ നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. നാല് കാമ്പസുകളിൽ നിന്നുമായി 55 അധ്യാപകരെയും, 60ഓളം അനധ്യാപക ജീവനക്കാരെയുമാണ് ടിഐഎസ്എസ് വെള്ളിയാഴ്ച പിരിച്ചുവിട്ടത്.

ഒരു ദശാബ്ദത്തിലേറെയായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ടിഐഎസ്എസിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ പലരും. ശമ്പളം നൽകുന്നതിനായി ടാറ്റ എഡുക്കേഷൻ ട്രസ്റ്റിൽ നിന്നും ​ഗ്രാൻ്റ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി അവർ പറയുന്നത്. ‌മുംബൈ കാമ്പസിൽ നിന്നും 20 പേർ, ഹൈദരാബാദിൽ നിന്നും 15 പേർ, ഗുവാഹത്തിയിൽ നിന്നും 14 പേർ, തുൾജാപൂരിൽ നിന്നും ആറ് പേർ എന്നിങ്ങനെയാണ് പിരിച്ചുവിട്ട അധ്യാപകരുടെ കണക്ക്. യുജിസി ശമ്പളപ്പട്ടികയിലെ സ്ഥിരം ഫാക്കൽറ്റി അംഗങ്ങളാണ് ടിഐഎസ്എസ് കാമ്പസുകളിൽ അവശേഷിക്കുന്ന അധ്യാപകർ.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ടാറ്റ എഡുക്കേഷൻ ട്രസ്റ്റിൽ നിന്നും ഫണ്ട് ലഭിക്കുന്നതിനായി പല പ്രാവശ്യം സ്ഥാപനം ട്രസ്റ്റുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ല എന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് ടിഐഎസ്എസ് ഔദ്യോ​ഗിക രജിസ്ട്രാറായ അനിൽ സുതാർ അയച്ച ഇ-മെയിലിൽ പറയുന്നു. ​ഗ്രാൻ്റ് ലഭിക്കാത്തതിനാൽ ഈ മാസം 30 മുതൽ, ഈ ജീവനക്കാരുടെ ടിഐഎസ്എസിലെ സേവനം അവസാനിക്കുമെന്നും മെയിലിൽ പറയുന്നു.

വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ടിഐഎസ്എസ് അധ്യാപക അസോസിയേഷൻ അടിയന്തര യോഗം ചേർന്നു. യോ​ഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഭാരവാഹികൾ, ടാറ്റ എഡുക്കേഷൻ ട്രസ്റ്റിനെ കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണ സമീപിച്ചിട്ടുണ്ട് എന്നും, ഗ്രാൻ്റുകൾ നിർത്തലാക്കാൻ പോകുന്നുവെന്ന് ട്രസ്റ്റിൽ നിന്ന് നേരിട്ടുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, ഇത് സ്ഥാപനത്തിൻ്റെ നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുവെന്നും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com