കാക്കനാട് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ കൂട്ട സ്ഥലം മാറ്റം; നടപടി 13 മാസമായി ശമ്പളം മുടങ്ങിയിരിക്കുമ്പോൾ

ശമ്പളം മുടങ്ങിയതിനെ തുടർന്ന് യൂണിറ്റിലെ പി. ഉണ്ണി എന്ന തൊഴിലാളി നവംബറിൽ ജീവനൊടുക്കിയിരുന്നു
കാക്കനാട് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ കൂട്ട സ്ഥലം മാറ്റം; നടപടി 13 മാസമായി ശമ്പളം മുടങ്ങിയിരിക്കുമ്പോൾ
Published on

കാക്കനാട് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ കൂട്ട സ്ഥലം മാറ്റം. അറുപതോളം തൊഴിലാളികളെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്. ഇരുമ്പനത്തെ യൂണിറ്റിൽ നിന്നും തിരുവല്ലയിലേക്കാണ് മാറ്റം. ഒരാഴ്ച്ച മുൻപാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. 13 മാസമായി ശമ്പളം മുടങ്ങിയിരിക്കുമ്പോഴാണ് ഈ നടപടി.

2024 മെയ്‌ മുതൽ പിരിഞ്ഞു പോയവർക്ക് പിഎഫും ഗ്രാറ്റുവിറ്റിയും നൽകില്ലെന്നും സർക്കാർ അറിയിച്ചു. ഫണ്ടിന്റെ അഭാവം മൂലമാണ് നടപടിയെന്നാണ് വിശദീകരണം. കമ്പനിയുടെ ഇരുമ്പനം യൂണിറ്റ് ഉടൻ പൂട്ടുമെന്ന് മന്ത്രി പി. രാജീവ്‌ അറിയിച്ചതായും തൊഴിലാളികൾ പറയുന്നു. കമ്പനി പ്രവർത്തിക്കുന്ന സ്ഥലം ഇൻഫോ പാർക്കിന് വിട്ടുനൽകാനാണ് സർക്കാർ നീക്കമെന്നാണ് ഐഎൻടിയുസി യൂണിയന്റെ ആരോപണം. ശമ്പളം നൽകാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നും തൊഴിലാളികൾ പറയുന്നു. 2023ളാണ് ശമ്പള പ്രതിസന്ധി കമ്പനിയിൽ ആരംഭിച്ചത്. അപ്പോഴെല്ലാം ഇടക്കാല ആശ്വാസം പോലെ സർക്കാർ ധനസഹായം നൽകിയിരുന്നു. എന്നാൽ, 2024 മെയ്‌ മാസത്തോടെ ശമ്പളം പൂർണമായും മുടങ്ങി. 

ശമ്പള പ്രതിസന്ധി തുടങ്ങിയത്തോടെ പലരും സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോകുകയുണ്ടായി. എന്നാൽ മെയ്‌ മുതൽ പിരിഞ്ഞു പോയവർക്ക് ഗ്രാറ്റുവിറ്റി പോലുള്ള യാതൊരു വിധ ആനൂകൂല്യങ്ങളും സർക്കാർ നൽകിയില്ല. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് കമ്പനി മറ്റൊരു സ്ഥാപനത്തിന് വിൽക്കുകയും അതിൽ നിന്ന് ലഭിക്കുന്ന തുക പാക്കേജ് ആയി തൊഴിലാളികൾക്ക് നൽകാമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഈ തുക പിന്നീട് ലഭിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ തൊഴിലാളികളിൽ ഒരാൾ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ജീവനക്കാർക്ക് അനുകൂലമായ തീരുമാനം സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് ചർച്ചയിൽ യൂണിയനുകളുടെ ആവശ്യപ്പെട്ടിരുന്നു. ചർച്ചയിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച പിഎഫ് കുടിശ്ശികയും സൊസൈറ്റിയിൽ അടയ്ക്കേണ്ട തുകയും കമ്പനി അടച്ചിട്ടില്ലായിരുന്നുവെന്നും അതിന് മാനേജ്മെന്റാണ് ഉത്തരവാദിയെന്നും യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.

ഇരുമ്പനം യൂണിറ്റിലെ 35.5 ഏക്കർ ഭൂമി വിൽക്കുന്ന കാര്യവും, ഇരുമ്പനം തിരുവല്ല യൂണിറ്റുകൾ സംയോജിപ്പിച്ച് കൊണ്ട് ഇരുമ്പനം യൂണിറ്റിലെ തൊഴിലാളികളെ അവർക്ക് ബുദ്ധമുട്ടില്ലാത്ത രീതിയിൽ‍ തിരുവല്ല, പിണറായി യൂണിറ്റുകളിലേക്ക് പുനർവിന്യസിക്കുന്നതിനും സീനിയർ തൊഴിലാളികളെ അവരുടെ വിരമിക്കൽ പ്രായം പരി​ഗണിച്ച് ഒരു പ്രത്യേക പാക്കേജ് നൽകണമെന്നും ചർച്ചയിൽ യൂണിയനുകൾ താൽപ്പര്യം അറയിച്ചിരുന്നു. എന്നാൽ ഈ പാക്കേജ് നടപ്പിലാക്കാതെയാണ് നടപടിയെന്നാണ് യൂണിയനുകളുടെ ആക്ഷേപം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com