
ഗുജറാത്തിൽ 5000 കോടിയുടെ കൊക്കെയ്ൻ പിടികൂടിയ കേസിൽ പുതിയ വഴിത്തിരിവ്. മയക്കുമരുന്ന് എത്തിക്കുന്നതിൽ ഡൽഹിലെ ഫാർമ സൊല്യൂഷൻസ് കമ്പനിക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. 518 കിലോ കൊക്കെയ്‌നാണ് ഞായറാഴ്ച പൊലീസ് പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി, ഹരിയാന, ഗുജറാത്ത് മേഖലകൾ കേന്ദ്രീകരിച്ച് ഏകദേശം 13,000 കോടിയുടെ ലഹരിവേട്ട നടന്നു.
ഗുജറാത്തിലെ അങ്ക്ലേശ്വറിലെ അവ്‌കാർ ഡ്രഗ്‌സ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് 518 കിലോ കൊക്കെയ്ൻ പിടികൂടിയത്. ഡൽഹി നാർകോട്ടിക് സ്‌പെഷ്യല്‍ സെല്ലും ഗുജറാത്തിലെ ബഹറൂച്ച് പൊലീസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. ഫാർമ സൊല്യൂഷൻസ് കമ്പനിക്ക് മരുന്ന് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളെന്ന വ്യാജേന മയക്കുമരുന്ന് എത്തിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. പിന്നീട് കമ്പനി വഴി വിവിധയിടങ്ങളിലേക്ക് ഇവ വിതരണം ചെയ്യുകയാണെന്നും പൊലീസ് കണ്ടെത്തി. ഫാർമ കമ്പനിയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വീരേന്ദ്ര ബയ്സോയ എന്നയാളാണ് ലഹരി കച്ചവടത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ജീവനക്കാരെയും ഉടമകളെയും ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് കൊക്കെയ്ൻ പോലുള്ള ലഹരി ഉത്പന്നങ്ങൾ പ്രദേശത്തുനിന്നും പൊലീസ് പിടികൂടുന്നത്. ഒക്ടോബർ 2നും ഒക്ടോബർ 10നും ഡൽഹി പൊലീസിൻ്റെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട നടന്നിരുന്നു. 13,000 കോടി രൂപയുടെ ലഹരിമരുന്നുകളാണ് ഇതുവരെ പിടികൂടിയത്. 1289 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് കഞ്ചാവും ഉൾപ്പെടെ കഴിഞ്ഞയാഴ്ച്ച ഡൽഹി പൊലീസ് പിടിച്ചെടുത്തിരുന്നു.
ഹരിയാന അതിർത്തിയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ എംഡിഎംഎ അടക്കം ഉത്പാദിപ്പിക്കുന്ന യൂണിറ്റും റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഡൽഹിയിലെ വ്യവസായി തുഷാർ ഗോയൽ ഉൾപ്പെടെ 12 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.