
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)-ഗുവാഹത്തിയിലെ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ ക്യാംപസിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികളോടും രക്ഷിതാക്കളോടും ഭരണകൂടം നിർവികാരപരമായാണ് പെരുമാറിയതെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ജീവിതത്തേക്കാൾ ഗ്രേഡുകളാണ് അധികൃതർക്ക് പ്രധാനം എന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർഥിയെയയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നാലാമത്തെ മരണമാണിത്. മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഹോസ്റ്റൽ മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്ന വിദ്യാർഥികളെ അധികൃതർ തടഞ്ഞുനിർത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ അറിയിക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്നും അവരുടെ ഫോണുകളിൽ നിന്ന് വീഡിയോകൾ ഇല്ലാതാക്കാനുള്ള ശ്രമം അഡ്മിനിസ്ട്രേഷൻ നടത്തിയെന്നും വിദ്യാർഥി ആരോപിച്ചു.
"വെൻ്റിലേറ്ററിലൂടെ നോക്കിയപ്പോൾ സുഹൃത്ത് തൂങ്ങിക്കിടക്കുന്നത് കണ്ടുവെന്നും വാതിൽ തകർക്കാൻ അധികാരികൾ സമ്മതിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. കൂടാതെ ഏകദേശം 30 മിനിറ്റുകൾക്ക് ശേഷമാണ് വാതിൽ തുറന്നത്. വിദ്യാർഥി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയുന്നത് അധികൃതരുടെ വിഷയം ആയിരുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. വാതിൽ തുറന്നത് മാത്രമല്ല, നാഡിമിടിപ്പ് പരിശോധിക്കാൻ പോലും അനുവദിച്ചില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചർത്തു. വാതിൽ തുറന്നിട്ടും എട്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം താഴെയിറക്കിയത്.
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാനസികാരോഗ്യ-ക്ഷേമ പിന്തുണാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഭവം വൻ പ്രതിഷേധത്തിന് കാരണമായി. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥിയുടെ മരണത്തിൽ ഐഐടി-ജി അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.