"SFIO നടപടിയിൽ പ്രതീക്ഷയില്ല: കേന്ദ്രത്തിൻ്റെ നീക്കങ്ങളും നടപടികളും വീണ വിജയനെ സഹായിക്കാൻ"

കേന്ദ്രത്തിൻ്റെ നടപടികൾ സത്യസന്ധമായിരുന്നെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തുമായിരുന്നെന്നും എംഎൽഎ പറഞ്ഞു
"SFIO നടപടിയിൽ പ്രതീക്ഷയില്ല: കേന്ദ്രത്തിൻ്റെ നീക്കങ്ങളും നടപടികളും വീണ വിജയനെ സഹായിക്കാൻ"
Published on


സിഎംആർഎൽ മാസപ്പടി കേസിലെ വീണ വിജയനെതിരായ എസ്എഫ്ഐഒ നടപടിയിൽ പ്രതീക്ഷയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എസ്എഫ്ഐഒ വീണ വിജയൻ്റെ മൊഴിയെടുത്തെങ്കിലും വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നില്ലെന്നായിരുന്നു എംഎൽഎയുടെ പ്രസ്താവന. കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യം സത്യസന്ധമായിയിരുന്നു എങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെയെന്നും എസ്എഫ്ഐഒ റിപ്പോർട്ട്‌ വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും മാത്യു കുഴൽ നാടൻ അഭിപ്രായപ്പെട്ടു. 

കേന്ദ്ര സർക്കാരിൻ്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാനായാണ്. കേന്ദ്രത്തിൻ്റെ നടപടികൾ സത്യസന്ധമായിരുന്നെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തുമായിരുന്നു. വിഷയത്തിൽ എന്ത് നടപടിഎടുത്തുവെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നായിരുന്നു മറുപടി. ഹൈക്കോടതി അന്ന് വിധി പറഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെ എന്നും എംഎൽഎ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് സമാനമായി, ബിജെപിയും ആർഎസ്എസുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ അന്തർധാര സജീവമാണെന്നായിരുന്നു എംഎൽഎയുടെയും പ്രസ്താവന. കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം നടത്തുമെന്നു പറഞ്ഞപ്പോൾ തന്നെ കേസിൻ്റെ തീവ്രത ഇല്ലാതായി. പ്രളയം കണക്ക് തെളിവുകളുണ്ടായിട്ടും കേന്ദ്ര സർക്കാർ വീണക്കെതിരെ ഇതുവരെ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ല. എസ്എഫ്ഐഒ റിപ്പോർട്ട്‌ വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും മാത്യു കുഴൽനാടൻ ചൂണ്ടികാട്ടി.

കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. 1.72 കോടി രൂപ വ്യാജ കൺസൾട്ടൻസിയിലൂടെ തട്ടിയെടുത്തു എന്നാണ് വീണയുടെ കമ്പനിക്കെതിരെയുള്ള കുറ്റം. ഐടി അനുബന്ധ സേവനങ്ങൾക്കാണ് പണം നൽകിയതെന്നാണ് സിഎംആർഎല്ലിൻ്റേയും എക്സാലോജിക്കിൻ്റേയും വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com