
മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരെ വീണ്ടും മൊഴി നൽകി മാത്യു കുഴൽനാടൻ. സേവനമൊന്നുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ പണം നൽകിയതെന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ പറഞ്ഞു. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം തള്ളിയതിനിതെരെ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ഇല്ലാത്ത സേവനത്തിന് സിഎംആർഎൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് മാത്യു കുഴൽനാടൻ്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ നൽകിയ റിവിഷൻ ഹർജി ജസ്റ്റിസ് കെ. ബാബുവാണ് പരിഗണിച്ചത്.
സെറ്റിൽമെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിന് പ്രാധാന്യമുണ്ട്. മാസപ്പടി കേസ് അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരും. എക്സാലോജിക് ഡയറക്ടറായ വീണ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർ കുറ്റക്കാരാണ്. വലിയ അഴിമതി നടന്നിട്ടുണ്ട്. പലർക്കും സിഎംആർഎൽ പണം നൽകിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ എക്സാലോജിക്കിൻ്റെ അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ വീണയുടെ അക്കൗണ്ടിലേക്കുമെത്തിയെന്ന് കുഴൽ നാടൻ ആരോപിച്ചു. സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യ കേസുണ്ടോയെന്ന് വിജിലൻസ് കോടതി പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്‍റെ വാദം.