
ആലപ്പുഴ കലവൂരിൽ 73കാരിയായ സുഭദ്രയുടെ കൊലപാതകത്തിൽ മാത്യുവിൻ്റെ ബന്ധുവും സുഹൃത്തുമായ റെയ്നോൾഡിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക ആസൂത്രണത്തിൽ റെയ്‌നോൾഡിനും പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. ഇയാൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെങ്കിലും കൊലപാതകത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇയാളാണ് സുഭദ്രയെ മയക്കാൻ മരുന്ന് എത്തിച്ചുനൽകിയത്. മയക്കിയ ശേഷമായിരുന്നു കൊലപാതകം. കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യം. എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിയിലധികവും മുക്കുപണ്ടമായിരുന്നു. ഉഡുപ്പിയിലെത്തിയ ശേഷമാണ് പ്രതികൾ ഇത് തിരിച്ചറിഞ്ഞത്. ആലപ്പുഴയിലും ഉഡുപ്പിയിലുമായാണ് വളയും കമ്മലും വിറ്റതെന്നും പൊലീസ് അറിയിച്ചു.
സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതികളായ ശർമിള, ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്ന് യാത്ര മധ്യേയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതി സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കാട്ടൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.