അവകാശപ്പോരാട്ടങ്ങളുടെ ചരിത്ര സ്മരണയിൽ ലോകം; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം

ഇന്ന് ലോകത്തിലെ എൺപതിലേറെ രാജ്യങ്ങളിൽ മെയ് ദിനം അവധിയാണ്. ലോകമെങ്ങും മെയ് ദിന റാലികളുൾപ്പെടെ നിരവധി പരിപാടികളും നടക്കും.
അവകാശപ്പോരാട്ടങ്ങളുടെ ചരിത്ര സ്മരണയിൽ ലോകം; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം
Published on

ഇന്ന് സാർവദേശീയ തൊഴിലാളി ദിനം. തൊഴിലിൻ്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തുന്ന മെയ് ദിനം. തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ട ചരിത്രത്തെയും, നേട്ടങ്ങളെയും അനുസ്മരിക്കുന്നതാണ് ഓരോ തൊഴിലാളി ദിനവും.

തൊഴിലാളിവര്‍ഗ മുന്നേറ്റത്തിൻ്റെ ദിനമാണ് മെയ് ഒന്ന്. ത്യാഗവും സഹനവും നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമര്‍പ്പണത്തിൻ്റെയും രക്തസാക്ഷിത്വത്തിൻ്റെയും ചരിത്രത്തിൽ മാറ്റത്തിൻ്റെ അലയൊലികൾ തീർത്ത ദിവസം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിൻ്റെ മഹത്വം മെയ് ദിനം ഓർമ്മപ്പെടുത്തുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ തൊഴിലാളികളുടെ അവകാശങ്ങളുടെ പോരാട്ടങ്ങളില്‍ നിന്നാണ് തൊഴിലാളി ദിനത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. 1884 ൽ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആൻ്റ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചു. ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് 1886ല്‍ തൊഴിലാളികള്‍ സംഘടിച്ചു സമരത്തിലേക്ക് നീങ്ങി.

സമരം കലാപം വരെയെത്തി. പിന്നീട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടാവുകയും അവിടെ വലിയ സംഘര്‍ഷം ഉണ്ടാവുകയുമാണ് ചെയ്തത്.

എന്നും ഈ സംഘര്‍ഷം ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാര്‍ക്കറ്റ് കലാപം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു രക്തച്ചൊരിച്ചിലുണ്ടായി. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഈ കലാപം ഇളക്കി മറിച്ചു. അവകാശപ്പോരാട്ടത്തിനായി അവർ തെരുവുകളിലേക്കിറങ്ങി. ലോകത്തെ ഞെട്ടിച്ച ഈ കലാപമാണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിനു പിറകിൽ.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളേയും ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയേയും അനുസ്മരിച്ച് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1899ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിച്ചത്.

തൊഴിലാളി വര്‍ഗത്തിൻ്റെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു. എട്ട് മണിക്കൂർ ജോലി സമയത്തിനും തുല്യമായ വേതനത്തിനും വേണ്ടി പോരാടിയ 19-ാം നൂറ്റാണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെ ഈ ദിവസം ഓർമ്മിപ്പിക്കുന്നു. ഇന്ന് ലോകത്തിലെ എൺപതിലേറെ രാജ്യങ്ങളിൽ മെയ് ദിനം അവധിയാണ്. ലോകമെങ്ങും മെയ് ദിന റാലികളുൾപ്പെടെ നിരവധി പരിപാടികളും നടക്കും.

മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴിൽ സാഹചര്യവും, തുല്യ അവസരവും, ന്യായമായ വേതനവും ഓരോ തൊഴിലാളിയുടെയും അവകാശമാണ്. സാമൂഹിക നീതിയെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന തൊഴിൽ രംഗത്തെ ക്രിയാത്മകമായ മാറ്റങ്ങളിലൂടെ പുരോഗതിയുടെ പാതയ്ക്കായി നമുക്ക് തുടർന്നും പ്രവർത്തിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com