ന്യൂ ഓർലിയൻസില്‍ നടന്നത് തീവ്രവാദി ആക്രമണം എന്ന് മേയർ; അന്വേഷണം ഏറ്റെടുത്ത് എഫ്ബിഐ

ന്യൂ ഓർലിയൻസില്‍ നടന്നത് തീവ്രവാദി ആക്രമണം എന്ന് മേയർ; അന്വേഷണം ഏറ്റെടുത്ത് എഫ്ബിഐ

ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ശേഷം ഡ്രൈവർ വെടിയുതിർത്തെന്നാണ് റിപ്പോ‍ർട്ടുകൾ
Published on

യുഎസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). 10 പേ‍ർ കൊല്ലപ്പെടുകയും 30ഓളം പേ‍ർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തെ 'തീവ്രവാദി ആക്രമണം' എന്നാണ് ന്യൂ ഓർലിയൻസ് മേയർ കാൻട്രൽ വിശേഷിപ്പിച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ശേഷം ഡ്രൈവർ വെടിയുതിർത്തെന്നാണ് റിപ്പോ‍ർട്ടുകൾ.

ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തു എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതായും ഇതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറിയത്. കാറിന്റെ ഡ്രൈവർ വെടിയുതിർത്തതിനെ തുടർന്ന് പൊലീസ് അക്രമിക്ക് നേരെ തിരിച്ചും വെടിയുതിർത്തുവെന്നും ദൃക്സാക്ഷികൾ പറയുന്നു. വെടിവെപ്പിൽ രണ്ട് പൊലീസുകാ‍ർക്ക് പരുക്കേറ്റു. ഇവരുടെ നില ​ഗുരുതരമല്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോ‍ർട്ട് ചെയ്യുന്നു. അക്രമിക്ക് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ‌ പുറത്തുവന്നിട്ടില്ല. ഇയാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായും ചില വിദേശ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

നഗരത്തിൻ്റെ ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഭാഗമാണ് സംഭവം നടന്ന പ്രദേശം. നിരവിധി ക്ലബുകളും ബാറുകളുമുള്ള ഈ പ്രദേശം ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡെസ്റ്റിനേഷൻ കൂടിയാണ്.

News Malayalam 24x7
newsmalayalam.com