ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മദ്യം നല്‍കാന്‍ അനുമതി; കള്ളു ഷാപ്പുകളുടെ നിലവാരം ഉയര്‍ത്തും: എം.ബി രാജേഷ്

ടൂറിസം മേഖലയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം നടപടികള്‍. ഒരു ബിസിനസ് എന്ന നിലയിലാണ് ഇതിനെ കാണുന്നത്. കയറ്റുമതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മദ്യം നല്‍കാന്‍ അനുമതി; കള്ളു ഷാപ്പുകളുടെ നിലവാരം ഉയര്‍ത്തും: എം.ബി രാജേഷ്
Published on

ടൂറിസം മേഖലയ്ക്ക് ഡ്രൈഡേ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഒന്നാം തീയതി ഡ്രൈ ഡേ എന്നത് നിബന്ധനകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ അനുമതി നല്‍കി. കോണ്‍ഫറന്‍സ്, വിവാഹം എന്നിവയ്ക്ക് മദ്യം വിളമ്പാന്‍ 50,000 രൂപ ഫീസ് നല്‍കി ലൈസന്‍സ് എടുത്ത ശേഷമായിരിക്കും അനുമതി ലഭിക്കുക. ഇതിനായി ഒരാഴ്ച മുമ്പ് അപേക്ഷ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച നയത്തിന്റ തുടര്‍ച്ച തന്നെയാണ് മദ്യനയത്തില്‍ എക്‌സൈസ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര മേഖലകളില്‍ ടോഡി പാര്‍ലറുകള്‍ തുറക്കും. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇതിനായുള്ള അനുമതി നല്‍കുകയെന്നും മന്ത്രി പറഞ്ഞു. തൊട്ടടുത്ത കള്ളു ഷാപ്പുകളില്‍ നിന്ന് കള്ള് വാങ്ങാന്‍ അനുവദിക്കും. കള്ള് വ്യവസായത്തെ ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്കും, റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങാന്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം നടപടികള്‍. ഒരു ബിസിനസ് എന്ന നിലയിലാണ് ഇതിനെ കാണുന്നത്. കയറ്റുമതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം കള്ളിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. കള്ളിനെ കേരളത്തിന്റെ തനത് പാനീയമായി കണക്കാക്കും. കള്ളു ഷാപ്പുകളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുമെന്നും അവ ത്രീ സ്റ്റാര്‍ രൂപത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളിലെ ലഹരി വ്യാപനത്തിലും മന്ത്രി പ്രതികരിച്ചു. സ്‌കൂള്‍ കുട്ടികളിലെ ലഹരി വ്യാപനത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നും രാസലഹരിയും തന്നെയാണ്. സ്‌കൂളുകളില്‍ ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോവുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധ വല്‍ക്കരണം നടത്തും. കുട്ടികള്‍ക്ക് മാതൃകയാകാവുന്ന ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ബോധവല്‍ക്കരണം. ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകള്‍ കേന്ദ്രികരിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com