എലപ്പുള്ളി മദ്യക്കമ്പനി വിവാദം: "ചെന്നിത്തലയും സതീശനും സംവാദത്തിൽ നിന്ന് ഒഴിയാൻ കാരണം കണ്ടുപിടിക്കുന്നു"; പരിഹാസവുമായി എം.ബി. രാജേഷ്

ആരോപണം ഉന്നയിച്ച് ഓടി ഒളിക്കുന്നത് മര്യാദയല്ലെന്നും സംവാദത്തിന് രണ്ട് പേരും വരുന്നതിൽ വിരോധമില്ലെന്നും എം. ബി. രാജേഷ് പറഞ്ഞു.
എലപ്പുള്ളി മദ്യക്കമ്പനി വിവാദം: "ചെന്നിത്തലയും സതീശനും സംവാദത്തിൽ നിന്ന് ഒഴിയാൻ കാരണം കണ്ടുപിടിക്കുന്നു"; പരിഹാസവുമായി എം.ബി. രാജേഷ്
Published on


ബ്രൂവറി സംവാദത്തിൽ പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയേയും പരിഹസിച്ച് മന്ത്രി എം.ബി. രാജേഷ്. സംവാദത്തിൽ നിന്ന് എങ്ങനെ ഒഴിയാം എന്നതിന് കാരണം കണ്ടുപിടിക്കുകയാണ് ചെന്നിത്തലയും സതീശനുമെന്ന് മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച് ഓടി ഒളിക്കുന്നത് മര്യാദയല്ല. സംവാദത്തിന് രണ്ട് പേരും വരുന്നതിൽ വിരോധമില്ലെന്നും എം. ബി. രാജേഷ് പറഞ്ഞു.

എനിക്കുവേണ്ടി മറ്റേയാൾ വരുമെന്ന് പറയുന്നത് ശരിയല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന. വാദിക്കാനും ജയിക്കാനും അല്ല മറിച്ച് അറിയാനും അറിയിക്കാനുമാണ് സംവാദങ്ങൾ. ചെന്നിത്തലയിൽ സതീശനും ആരോപണമുന്നയിക്കാൻ മുന്നിലാണ്. എന്നാൽ ആരോപണമുന്നയിച്ച രണ്ടുപേരും കാണാമറയത്തിരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ 45ാമത് ഡിസ്റ്റിലറിയുടെ വിപുലീകരണത്തിന് അനുമതിയായെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും ഇത് അറിഞ്ഞോ എന്നറിയില്ല. അവിടെ ആവാം ഇവിടെ പറ്റില്ല എന്ന് പറയുന്നതിൽ എന്ത് ന്യായമാണെന്ന് മന്ത്രി ചോദിച്ചു. പുതിയ മദ്യനയം ഈ സാമ്പത്തിക വർഷം തന്നെ പ്രഖ്യാപിക്കും. ഇത് യഥാസമയം ഉണ്ടാകുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.


അതേസമയം തദ്ദേശസ്വയംഭരണ വകുപ്പുകളിലും ചട്ടങ്ങളിലും സമഗ്രമായ പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ. പഞ്ചായത്തുകളിൽ ഏപ്രിലിൽ കെ സ്മാർട്ട് നടപ്പിലാക്കുമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.  കെട്ടിട നിർമാണ ചട്ടങ്ങളിൽ ഉൾപ്പെടെയാണ് മാറ്റം വരിക. തദ്ദേശ അദാലത്തുകളിലൂടെ പൊതു ഉത്തരവുകൾ പുറത്തിറക്കി. നിർണായക പൊതു തീരുമാനങ്ങൾ അദാലത്തുകളിൽ കൈക്കൊണ്ടു. 47 പരിഷ്കരണങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചത്. നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരണം. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം കുറച്ചു. ഏപ്രിലിൽ പഞ്ചായത്തുകൾ കൂടി കെ സ്മാർട്ട് നടപ്പിലാക്കും.

ലൈസൻസ് ചട്ടങ്ങളിലും സമഗ്രമായ മാറ്റങ്ങളുണ്ട്. നിയമവിധേയമായ ഏത് സംരംഭത്തിനും തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും. വീടുകളിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനുള്ള പ്രോത്സാഹനം നൽകും. സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പ എടുക്കാൻ പ്രയാസമാണ്. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതോടെ സൂക്ഷ്മ സംരംഭങ്ങൾക്ക് ബാങ്കുകളിൽനിന്ന് വായ്പ എടുക്കാൻ കഴിയും


മാലിന്യസംസ്കരണത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ആളുകൾ മാലിന്യം കാണുന്ന സ്ഥലത്ത് വലിച്ചെറിയുകയാണ്. ഈ മനോഭാവത്തിൽ മാറ്റം വരുന്നില്ല. ഉത്തരവാദിത്വമുള്ള സമൂഹമായി മാറണം. സർക്കാർ ജീവനക്കാർ പോലും ഇത്തരം നിയമ ലംഘനത്തിന് പിടിയിലാകുന്നത് ലജ്ജാകരമണ്. വിഷയം സർക്കാർ കർക്കശമായി നേരിടുമെന്നും ആരായാലും ദയാ ദാക്ഷിണ്യമില്ലാതെ പിഴ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com