
സർക്കാർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന്റെ കൂടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. നവീൻ ബാബുവിന്റെ ആത്മഹത്യ വളരെ വേദനാജനകമാണ്. പാർട്ടിയും കുടുംബത്തിന്റെ വികാരം ഉൾക്കൊണ്ടു കൊണ്ടാണ് നിലകൊണ്ടത്. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. വിശദമായി കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരു പരാതിയും നവീൻ ബാബുവിനെ കുറിച്ച് ഉണ്ടായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യയെ കുറിച്ച് താൻ മുൻപ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സിപിഎമ്മും സർക്കാരും ജനങ്ങൾ ആഗ്രഹിച്ച നിലപാടാണ് നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സ്വീകരിച്ചതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും പറഞ്ഞു. പാർട്ടി ഇനിയും കുടുംബത്തോടൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രയയപ്പ് പരിപാടിക്കിടെ പി.പി. ദിവ്യ അഴിമതി ആരോപണം ആരോപിച്ചതിനു പിന്നാലെയാണ് എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.