
മലപ്പുറം വളാഞ്ചേരിയില്‍ ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിലൂടെ എച്ച്‌ഐവി സ്ഥിരീകരിച്ചെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി വ്യാപനം സംബന്ധിച്ച് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലഹരി മാരക വിപത്താകുന്ന മറ്റൊരു അനുഭവമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
ലഹരിക്കെതിരായ ക്യാംപയിന്‍ കൂടുതല്‍ ശക്തമാക്കും. ലഹരി ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. വളാഞ്ചേരിയില്‍ ആരോഗ്യവകുപ്പും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചത്.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും 7 മലയാളികള്‍ക്കുമാണ് രോഗം ബാധിച്ചത്. വളാഞ്ചേരിയില്‍ ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത് മലയാളിക്കാണ്. ഇതോടെ ഇയാളുടെ സംഘാംഗങ്ങളെ കൂടി പരിശോധിച്ചു. രണ്ടു മാസത്തിനിടയില്‍ നടന്ന പരിശോധനയിലാണ് 10 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ചോ അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
10 പേരും പ്രത്യേകം നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്റു ഭാഗങ്ങളിലും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോ എന്നത് അന്വേഷിക്കുകയാണെന്ന് ഡിഎംഒ അറിയിച്ചു. രോഗം ബാധിച്ചവര്‍ ഒരേ സൂചി ഉപയോഗിച്ചതിനോടൊപ്പം ഉപയോഗിച്ച സൂചിയില്‍ വിതരണക്കാര്‍ വീണ്ടും ലഹരി നിറച്ച് ഉപയോഗിക്കാന്‍ നല്‍കുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരും.