
തൃശൂരിലെ പുലിക്കളിയുമായി ബന്ധപ്പെട്ട് കോർപ്പറേഷന് തീരുമാനമെടുക്കാമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇതിനായി സർക്കാർ പണം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളം കളി നടക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്. മറ്റു തടസങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണഘോഷ പരിപാടികളും സർക്കാർ വേണ്ടാന്ന് വെക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു കാണിച്ച് പുലിക്കളി സംഘങ്ങൾ മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് മുൻവർഷങ്ങളിലെ പോലെ തുക വിനിയോഗിക്കുന്നതിൽ തടസമില്ലെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കോർപ്പറേഷനെ അറിയിച്ചത്.