അടുത്ത വര്‍ഷം കേരളം മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി മാറും; ജനുവരി വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം പ്രഖ്യാപിച്ച് എം.ബി. രാജേഷ്

മാലിന്യം വലിച്ചെറിയല്‍ സംസ്‌കാര ശൂന്യമായ നടപടിയാണ്. അത് തടയാന്‍ എല്ലാ തരത്തിലുമുള്ള നടപടികളും സ്വീകരിക്കും.
അടുത്ത വര്‍ഷം കേരളം മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി മാറും; ജനുവരി വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം പ്രഖ്യാപിച്ച് എം.ബി. രാജേഷ്
Published on


മാലിന്യ മുക്ത നവകേരളത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് നാളെ കടക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. പൊതു സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത ക്യാംപയിന്‍. ഒന്നുമുതല്‍ ഏഴ് വരെയുള്ള ഒരാഴ്ച 'വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം' ആണെന്നും മന്ത്രി പറഞ്ഞു. 100 ശതമാനം വാതില്‍പ്പടി മാലിന്യ ശേഖരണത്തിലേക്ക് വൈകാതെ എത്താന്‍ കഴിയും. ഇപ്പോള്‍ 87 ശതമാനത്തിലെത്തി. അടുത്ത വര്‍ഷമാകുമ്പോഴേക്കും മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

മാലിന്യം വലിച്ചെറിയല്‍ സംസ്‌കാര ശൂന്യമായ നടപടിയാണ്. അത് തടയാന്‍ എല്ലാ തരത്തിലുമുള്ള നടപടികളും സ്വീകരിക്കും. ബോധവൽക്കരണം കൊണ്ട് മാത്രം ബോധമുണ്ടാകുമെന്ന് കരുതുന്നില്ല. മാലിന്യം തെരുവില്‍ വലിച്ചെറിയുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ സംഭവത്തില്‍ കമ്പനിയായ സണ്‍ ഏജിനെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഏജന്‍സികളെ ഉള്‍പ്പെടുത്തി കമ്മിറ്റിയെ നിയോഗിച്ചു. ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കും. തിരുനെല്‍വേലിയില്‍ നിന്ന് മാലിന്യം നീക്കിയതിന്റെ തുക കമ്പനിയില്‍ നിന്നും ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം പുറത്തു തള്ളിയ നടപടിയില്‍ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. ആമയിഴഞ്ചാന്‍തോട് സംഭവത്തിന് ശേഷവും ഒരു പാഠവും റെയില്‍വേ പഠിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കെ-സ്മാര്‍ട്ട് ഏപ്രില്‍ ഒന്ന് മുതല്‍ പഞ്ചായത്തുകളിലേക്കും നാളെ മുതല്‍ ട്രയല്‍ റണിന് തുടക്കമാകുമെന്നും മന്ത്രി അറിയിച്ചു. സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതാണ് കെ-സ്മാര്‍ട്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി മാറുമെന്നും മന്ത്രി അറിയിച്ചു.

2024 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍ വിന്യസിച്ച കെ സ്മാര്‍ട്ടിലൂടെ നഗരസഭകളില്‍ ഇന്നലെ വൈകിട്ട് 5 മണി വരെ 27.7 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തത്. ഇതില്‍ 22.8 ലക്ഷം ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. 82.31 ശതമാനം ഫയലുകളാണ് തീര്‍പ്പാക്കിയത്. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയാന്‍ സൗകര്യമുണ്ട്. ഒപ്പം, ഫയല്‍ തീര്‍പ്പാക്കലില്‍ മുന്‍ ആഴ്ചയുമായുള്ള താരതമ്യവും കെ-സ്മാര്‍ട്ട് ഡാഷ്ബോര്‍ഡിലൂടെ അറിയാന്‍ കഴിയും. ജോലി സമയത്തിന് ശേഷവും അവധി ദിവസത്തിലും ഉള്‍പ്പെടെ നഗരസഭകളില്‍ നിന്ന് സേവനം ലഭ്യമാകുന്നുവെന്ന സവിശേഷമായ പ്രത്യേകത പങ്കുവെക്കാന്‍ സന്തോഷമുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com