
ലൈഫ് ഭവന പദ്ധതിക്ക് കേന്ദ്ര ബ്രാൻഡിങ് നടപ്പിലാക്കിയാൽ അത് അപേക്ഷിക്കുന്നവരുടെ അന്തസിനെ ബാധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. വീടുകളിൽ ബ്രാൻഡിങ് നടത്തുന്നത് ജനങ്ങളുടെ അന്തസ്സിനെ ബാധിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറെ അറിയിച്ചിരുന്നു. അന്തസ്സുള്ളവർ എന്തിന് അപേക്ഷിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുചോദ്യം എന്ന് എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു.
മനുഷ്യന്റെ അഭിമാനവും അന്തസ്സും മനസിലാകാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ബ്രാൻഡിങ് വേണമെന്ന് കേന്ദ്രം കടുംപിടുത്തം തുടരുന്നു. ബ്രാൻഡിങ് വേണ്ടെന്ന് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കേന്ദ്രത്തിന്റെ ബ്രാൻഡിങ് ആവശ്യം സംസ്ഥാന ബജറ്റിൽ തള്ളിയിരുന്നു. കേന്ദ്ര ബ്രാൻഡിങ് അഭിമാനം അടിയറവ് വെയ്ക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവന. 17,104.8 കോടി രൂപ ഇതുവരെ ലൈഫ് പദ്ധതിക്കായി ചെലവാക്കിയെന്നാണ് മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞത്. രണ്ട് വർഷം കൊണ്ട് 10000 കോടിയുടെ നിർമാണ പ്രവർത്തനമാണ് ലക്ഷ്യമാക്കുന്നതെന്നും ധനമന്ത്രി അറിയിച്ചിരുന്നു.
കേന്ദ്ര സഹായം കിട്ടണമെങ്കിൽ പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ പേരും ലൊഗോയും പതിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിബന്ധന. ലൈഫ് പിഎംഎവൈ പദ്ധതിയിൽ വീടൊന്നിന് ഗ്രാമത്തിൽ 72,000 രൂപയും നഗരത്തിൽ 1.5 ലക്ഷം രൂപയുമാണ് കേന്ദ്രം വിഹിതമായി ലഭിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച 5,44,109 വീടുകളിൽ 1,17,409 വീടുകൾക്കാണ് കേന്ദ്ര സഹായം ലഭിച്ചത്. ഗുണഭോക്താവിന്റെ ആത്മാഭിമാനത്തെ പരിഗണിച്ച് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ബ്രാൻഡിങ് ഇല്ലാതെയാണ് കേരളത്തിൽ ലൈഫ് വീടുകൾ നിർമിച്ചു നൽകുന്നത്.