
തമ്മനത്തെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ പിടികൂടിയ കേസിൽ യൂട്യൂബർ തൊപ്പിയ്ക്കും ഡ്രൈവർ ജാബിറിനുമെതിരായ എംഡിഎംഎ കേസിൻ്റെ അന്വേഷണം ഹവാല ഇടപാടിലേക്കും. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം രാസലഹരി വാങ്ങാനായി ഉപയോഗിച്ചിരുന്നതായാണ് സംശയം. തൊപ്പിയുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. റഷ്യയിൽ നിന്നടക്കം എല്ലാ മാസവും ഒരു കോടിയിലധികം രൂപ കണ്ണൂർ വളപട്ടണത്ത് ഹവാല ഇടപാടിലൂടെ മാറിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വളപട്ടണം സ്വദേശിയും ബിസിനസുകാരനുമായ മുനാവർ എന്ന മുനീറിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. ഇവരുടെ ബിറ്റ് കൊയിൻ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. നിലവിൽ പോലീസ് ചോദ്യം ചെയ്യലിനെതിരെ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പാൾ സെഷൻസ് കോടതിയെ സമീപ്പിച്ചിരിക്കുകയാണ് തൊപ്പി. ജാബിറിനെ കൂടാതെ കൊല്ലം സ്വദേശികളായ മുഹസീബ്, മുഹമ്മദ് സുഹൈൽ എന്നിവരും പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.