എംഡിഎംഎ പിടികൂടിയ സംഭവം: യൂട്യൂബർ തൊപ്പിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

തൊപ്പിയുടെ ഡ്രൈവറായ ജാബറിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്
എംഡിഎംഎ പിടികൂടിയ സംഭവം: യൂട്യൂബർ തൊപ്പിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
Published on

തമ്മനത്തെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ പിടികൂടിയ കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. തൊപ്പിയുടെ ഡ്രൈവറായ ജാബറിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ തൊപ്പി പ്രതിയല്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. തൊപ്പിയുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

‌നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിസംബര്‍ നാലാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

അടുത്തിടെയാണ് താൻ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയാണെന്നും, എല്ലാം അവസാനിപ്പിക്കുന്നുവെന്നും പറഞ്ഞ് നിഹാദ് രംഗത്തെത്തിയത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും, പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു. 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും, നിഹാദ് എന്ന യഥാര്‍ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com