
ഹോളിവുഡില്‍ ഹാർവി വിന്‍സ്റ്റന്‍റിനെതിരെ ഉയർന്നതിന് സമാനമായ മീടൂ മൂവ്മെന്‍റിന് സാക്ഷ്യം വഹിച്ച് ഹിപ്പ്-ഹോപ്പ് മ്യൂസിക് മേഖലയും. സെക്സ് ട്രാഫിക്കിംഗ് അടക്കമുള്ള പരാതികളില്‍ വിചാരണ നേരിടുന്ന റാപ്പർ പി ഡിഡ്ഡിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഓരോ ദിവസവും പുറത്തുവരുന്നത് പ്രമുഖരുടെ പേരുകളാണ്. ഇതിനോടകം 120 പേരാണ് കോപ്സിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരടക്കം ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായും കുറ്റകൃത്യം നടക്കുമ്പോള്‍ ഒമ്പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒരാളാണ് കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരനെന്നും അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞു.
പ്രമുഖ റാപ്പർ ഷോണ്‍ കോംബ്‌സ് പി ഡിഡ്ഡിയെന്നാണ് പോപ്പ് ലോകത്ത് അറിയപ്പെടുന്നത്. പഫ് ഡാഡി, ലവ്, പി ഡി എന്നിങ്ങനെ പല പേരുകളുള്ള 54 കാരനായ ഗായകനെതിരെ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ നിരവധി ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. 1991 മുതല്‍ ഈ വര്‍ഷം വരെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികള്‍. സ്ത്രീകളും പുരുഷന്മാരുമടക്കം 120 പേര്‍ക്കെതിരെയാണ് അതിക്രമം നടത്തിയിരിക്കുന്നത്. ഇതില്‍ 25 ഓളം പേര്‍ക്ക് സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
മദ്യവും മയക്കുമരുന്നും ഒഴുകുന്ന ഡിഡ്ഡിയുടെ ഫ്രീക്ക് ഓഫ് പാർട്ടികളില്‍ അരങ്ങേറുന്ന വ്യാപക ലെെംഗികാതിക്രമങ്ങളുടെ കഥകളാണ് പിന്നീട് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഗായകന്‍റെ ലോസ് എഞ്ചല്‍സിലെ ആഡംബര വില്ലയില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. ഒപ്പം, ആയിരത്തിലധികം ബേബി ഓയില്‍ കുപ്പികളും കണ്ടെത്തി. പ്രായപൂർത്തിയാകുന്നതിന് മുന്‍പ് ഉള്‍പ്പടെ ഗായകനില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെക്കുറിച്ചാണ് പല ഇരകളും വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ, പാർട്ടികളില്‍ പങ്കെടുത്തിട്ടുള്ളവരുടെ സാക്ഷി മൊഴികളില്‍, ഹോളിവുഡിലെ ബാലതാരങ്ങളടക്കം ഡിഡ്ഡിയുടെ ലെെംഗിക വെെകൃതങ്ങള്‍ക്ക് ഇരയായതായി പറയപ്പെടുന്നു.
2023 നവംബറില്‍ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കപ്പെട്ട മുന്‍പങ്കാളി മോഡലും ഗായികയുമായ കസാന്‍ഡ്ര വെഞ്ച്വറയുടെ കേസിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളോരോന്നുമുണ്ടായത്. ചെറിയ പ്രായത്തില്‍ മ്യൂസിക് ഇന്‍ഡസ്ട്രിയിലെത്തിയ ഇന്നത്തെ പല പ്രമുഖ ഗായകരും ഡിഡ്ഡിയുടെ ഇരകളില്‍ ഉള്‍പ്പെടുന്നു എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകള്‍. മൂന്ന് പതിറ്റാണ്ടിലധികം നീളുന്ന ഇന്‍ഡസ്ട്രിയിലെ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം ചൂഷണങ്ങള്‍ നടത്തിയതെന്നാണ് ഡിഡ്ഡിക്കെതിരായ ആരോപണം. അതേസമയം, സാമ്പത്തികമുതലെടുപ്പ് ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നാണ് കേസുകളില്‍ പ്രതിഭാഗത്തിന്‍റെ പ്രതിരോധം.
കെട്ടിയിട്ടും ബലപ്രയോഗത്തിലൂടെയും മയക്കുമരുന്ന് നല്‍കിയും ദിവസങ്ങളോളും ബലാത്സംഗത്തിനിരയാക്കുക, ഇതിന്‍റെ ദൃശ്യങ്ങള്‍ പകർത്തി പ്രമുഖർക്ക് അടക്കം പങ്കുവയ്ക്കുക, പ്രായപൂർത്തിയാകാത്ത ഇരകളെയടക്കം കൂട്ട ബലാത്സംഗത്തിനും സെക്സ് ട്രാഫിക്കിംഗിനും ഉപയോഗിക്കുക, വധഭീഷണിയിലൂടെ ഇരകളെ നിശബ്ദരാക്കുക എന്നിങ്ങനെ ഞെട്ടിക്കുന്ന മൊഴികളാണ് ഡിഡ്ഡിക്കെതിരെ കോടതിയിലുള്ളത്. സന്ദേശങ്ങളും കുട്ടികളുടേത് അടക്കം നഗ്ന ദൃശ്യങ്ങളും ഗായകനെതിരെ തെളിവായി ഉണ്ട്. ഒരാഴ്ചയായി ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററില്‍ കസ്റ്റഡിയിലുള്ള ഗായകന്‍ രണ്ടുതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി.
ഇതെല്ലാം ഇന്‍ഡസ്ട്രിയില്‍ സ്വാഭാവികമാണെന്നാണ് പറഞ്ഞായിരുന്നു മറ്റൊരു പുരുഷനുമായി ലെെംഗികബന്ധത്തിന് പ്രേരിപ്പിച്ചതെന്ന്, ഷോണിന്‍റെ 'ലവ്' എന്ന ആല്‍ബത്തിന്‍റെ മ്യൂസിക് പ്രൊഡ്യൂസറായിരുന്ന റോഡ്നി ജോണ്‍സ് ജൂനിയറിന്‍റെ പരാതിയില്‍ പറയുന്നു. ഇതോടെ ഡിഡ്ഡിയുടെ ഫ്രീക്ക് പാർട്ടികളിലെ അതിഥിലിസ്റ്റിലുള്ള ജെയ് സീ, ട്രാവിസ് സ്കോട്ട്, ക്രിസ് ബ്രൌണ്‍, മെഷീന്‍ ഗണ്‍ കെല്ലി എന്നിവരടക്കം പ്രമുഖരും വിവാദത്തിലായിരിക്കുകയാണ്.