തുച്ഛമായ ശമ്പളം, 12 മണിക്കൂര്‍ വരെ അടിമപ്പണി, ഞെട്ടിക്കുന്ന ശിക്ഷകൾ; മാര്‍ക്കറ്റിംഗ് കമ്പനികളുടെ തൊഴില്‍ ചൂഷണം പുറത്ത്

എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. മാർക്കറ്റിംഗ് കമ്പനികൾ തൊഴിൽ വാഗ്ദാനം നൽകി വലിയ ചൂഷണത്തിന് ഇരയാക്കുന്നവരാണ് ഇവരിലേറെയും
തുച്ഛമായ ശമ്പളം, 12 മണിക്കൂര്‍ വരെ അടിമപ്പണി, ഞെട്ടിക്കുന്ന ശിക്ഷകൾ; മാര്‍ക്കറ്റിംഗ് കമ്പനികളുടെ തൊഴില്‍ ചൂഷണം പുറത്ത്
Published on

എംബിഎ പഠന പ്രൊജക്ടിൻ്റെ ഭാഗമാണ് എന്ന പേരിൽ വീടുകളിൽ ബാഗും തൂക്കി സാധനങ്ങൾ വിൽക്കാൻ വരുന്ന ചെറുപ്പക്കാരെ കണ്ടിട്ടില്ലേ. പക്ഷേ ഇവരിൽ മിക്കവരും എംബിഎ വിദ്യാർഥികളല്ല. മാർക്കറ്റിംഗ് കമ്പനികൾ തൊഴിൽ വാഗ്ദാനം നൽകി വലിയ ചൂഷണത്തിന് ഇരയാക്കുന്നവരാണ് ഇവരിലേറെയും. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്. ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം നടത്തുന്ന ചൂഷണം പുറത്തുകൊണ്ടുവരുകയാണ് ന്യൂസ് മലയാളം. 

ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ പദവി വാഗ്ദാനം ചെയ്താണ് ക്രൂരമായ ഈ കമ്പനി വർഷങ്ങളായി തൊഴിൽ പീഡനം നടത്തുന്നത്.

കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക, ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാ‍ർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവ‍ർ പറയുന്നു. അ‍ർധന​ഗ്നരാക്കി നി‍ർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. എന്നാൽ, പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോ​ഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണെന്ന് ഇരകളായ യുവാക്കൾ പറയുന്നു.

എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. സെയിലിനിടയിൽ ഓരോ മണിക്കൂർ ഇടവിട്ട് മാനേജരെ വിളിക്കണം. ടാ‍ർ​ഗറ്റ് നേടിയില്ലെങ്കിൽ എല്ലാ ചീത്തവിളികളും അസഭ്യവ‍ർഷവും കേൾക്കേണ്ടി വരും. പേഴ്സണൽ ഫോൺ പോലും ഉപയോ​ഗിക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും വീട്ടിലേക്ക് വിളിക്കാൻ അവസരം ലഭിച്ചാൽ തന്നെ ആരോടാണ് സംസാരിക്കുന്നത്, എന്താണ് സംസാരിക്കുന്നത് എന്ന് നിരീക്ഷിക്കാൻ ആളുകളുണ്ടാകും. സാധനം വിറ്റാൽ മാത്രം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാം, ഇല്ലെങ്കിൽ പട്ടിണി. വെയിലും മഴയും വക വയ്ക്കാതെ ഈ നടത്തം തന്നെ. വൈകീട്ട് 7.45 ആകുമ്പോഴേക്കും താമസസ്ഥലം കൂടിയായ ഓഫീസിൽ എത്തണം. സൗജന്യ ഭക്ഷണം ആയ ചോറും മുളകും ഉപ്പും കൂട്ടി കഴിക്കാം. കൃത്യം 10 മണിക്ക് തന്നെ ഉറങ്ങണം ഇല്ലെങ്കിൽ തല്ലി ഉറക്കും.

800 ഏജൻ്റുമാരെയാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്, ജർമൻ ഫിസിക്കൽ ലബോറട്ടറി എന്നീ കമ്പനി കേരളമാകെ നിയോഗിച്ചിട്ടുള്ളതെന്ന് പ്രൊപ്പറൈറ്റർ ജോയ് ജോസഫ് പറയുന്നു. കമ്പനിയുടെ വാർഷിക ടേണോവർ 65 കോടിയാണത്രേ. 1.28 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കുന്നുവെന്നും ജോയ് ജോസഫ് പറയുന്നു. കൊച്ചി കലൂർ കേന്ദ്രമാക്കി സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവർത്തനം. പത്രപരസ്യം കണ്ട് ചെല്ലുന്ന കുട്ടികൾക്ക് ഇന്റർവ്യൂ എടുക്കുന്ന അന്ന് തന്നെ ജോലി ലഭിക്കും. താലൂക്ക് അടിസ്ഥാനത്തിലാണ് നിയമനം. 10,000 രൂപയാണ് ആദ്യ മാസങ്ങളിൽ ഇൻസെൻ്റീവ് ആയി ലഭിക്കുകയെന്നാണ് ഉദ്യോഗാർഥികളോട് പറയുക. എന്നാൽ ഹിന്ദുസ്ഥാൻ പവർ ലിങ്ക് എന്ന കമ്പനിയുടെ പ്രൊപ്പറൈറ്റർ മാത്രമാണ് താൻ എന്ന് ജോയ് ജോസഫ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com