
ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ മാംസം കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ഹൈദരാബാദിലെ തപ്പച്ചബൂത്രയിലെ ക്ഷേത്ര കോമ്പൗണ്ടില്‍ കണ്ടെത്തിയ മാംസമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. തപ്പച്ചബൂത്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമാന്‍ ക്ഷേത്ര പരിസരത്തുള്ള ശിവക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു.
പിന്നാലെ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിശോധനയില്‍ 250 ഗ്രാം മട്ടണ്‍ ഇറച്ചിയാണ് ക്ഷേത്രത്തിനുള്ളില്‍ കണ്ടെത്തിയതെന്ന് വ്യക്തമായി. എന്നാല്‍, ആരോ ഇത് ബോധപൂര്‍വം കൊണ്ടിട്ടതാണെന്ന തരത്തിലും പ്രചരണം ഉണ്ടായി. ഇതോടെ വിശ്വാസികള്‍ പ്രതിഷേധവും ആരംഭിച്ചു.
അന്വേഷണത്തിനായി പൊലീസ് നാലംഗ സംഘത്തെ രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാംസം കൊണ്ടിട്ടയാളെ തിരിച്ചറിഞ്ഞത്. ശിവ ലിംഗത്തിന് പിന്നിലായിട്ടായിരുന്നു മാംസം കണ്ടെത്തിയത്. സിസിടിവിയില്‍ ഒരു പൂച്ച മാംസം കടിച്ച് ക്ഷേത്രത്തില്‍ കയറുന്നതും മാംസം ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
ഇതോടെ, ഊഹാപോഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിനുള്ളില്‍ മാംസം കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചത്. ഇതോടെ, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം ക്ഷേത്രത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് പൂച്ചയാണ് പിന്നിലെന്ന് വ്യക്തമായത്.