അപസ്മാരം തടയാൻ യന്ത്രസംവിധാനം; ബ്രിട്ടനിൽ പതിമുന്നൂകാരനിൽ ഘടിപ്പിച്ച യന്ത്രം ഫലപ്രദം

അപസ്മാര, പാർക്കിൻസൺസ് ചികിൽസയിൽ വഴിത്തിരിവായേക്കാവുന്ന സംവിധാനം ഓക്സ്ഫഡ് സർവകലാശാലയും മൂന്ന് ആശുപത്രികളും സംയുക്തമായാണ് വികസിപ്പിച്ചത്
അപസ്മാരം തടയാൻ യന്ത്രസംവിധാനം; ബ്രിട്ടനിൽ പതിമുന്നൂകാരനിൽ ഘടിപ്പിച്ച യന്ത്രം ഫലപ്രദം
Published on

അപസ്മാരം തടയാൻ ലോകത്താദ്യമായി തലയോട്ടിയിൽ ഘടിപ്പിച്ച യന്ത്ര സംവിധാനം ഫലപ്രദം. ബ്രിട്ടനിൽ പതിമുന്നൂകാരനിൽ 10 മാസം മുൻപ് ഘടിപ്പിച്ച ന്യൂറോ സ്റ്റിമുലേറ്റർ അപസ്മാരത്തെ എൺപതു ശതമാനം വരെ തടഞ്ഞതായാണ് റിപ്പോർട്ട്. അപസ്മാര, പാർക്കിൻസൺസ് ചികിൽസയിൽ വഴിത്തിരിവായേക്കാവുന്ന സംവിധാനം ഓക്സ്ഫഡ് സർവകലാശാലയും മൂന്ന് ആശുപത്രികളും സംയുക്തമായാണ് വികസിപ്പിച്ചത്.

സോമർസെറ്റിൽ ജനിച്ച ഒറാൻ നോൾസൺ അതീവ ഗുരുതരമായ അപസ്മാര രോഗിയാണെന്ന് മൂന്നാം വയസ്സിലാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. പിന്നീടുള്ള ഓരോ ദിവസവും രക്ഷിതാക്കൾക്ക് ആധിയുടേതായിരുന്നു. ഏതുനിമിഷവും ഒറാൻ വിറച്ച് താഴെ വീഴാം. ലെന്നോക്സ് ഗ്യാസടൗട്ട് സിൻഡ്രോം എന്ന അപസ്മാരത്തിന്‍റെ മൂർധന്യ രൂപമായിരുന്നു ഒറാന്. നിലവിലുള്ള ഒരു ചികിൽസയും ഫലിക്കാത്ത അവസ്ഥ. ഓരോ തവണയും അപസ്മാരം വരുമ്പോൾ വിറച്ച് ഒറാൻ നിലത്തു വീഴും. പിന്നെ ശ്വാസം നിലയ്ക്കും. അപ്പോഴൊക്കെ കൃത്രിമശ്വാസം നൽകണം. ഒറാന്‍റെ അടുത്ത് രാപകൽ വ്യത്യാസമില്ലാതെ ആളുകൾ ഉണ്ടാകണം.

ഈ ഘട്ടത്തിലാണ് ഒറാനെ ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്, കിങ്സ് കോളജ് ഹോസ്പിറ്റൽ, ഓക്സ്ഫഡ് സർവകലാശാല എന്നിവ സംയുക്തമായി പഠനം നടത്തുന്നുണ്ടായിരുന്നു. ഗവേഷകരുടെ നിർദേശം അനുസരിച്ച് ബ്രിട്ടീഷ് കമ്പനിയായ ആംബർ തെറാപോട്ടിക്സ് ആണ് യന്ത്രം നിർമിച്ചത്. തലച്ചോറിൽ അടിക്കടി ഉണ്ടാകുന്ന ഊർജ്ജപ്രവാഹമാണ് അപസ്മാരത്തിനു കാരണം. തലയോട്ടിയിൽ ഘടിപ്പിക്കുന്ന ന്യൂറോ സ്റ്റിമുലേറ്ററിന് ഈ ഈർജ്ജതരംഗങ്ങളെ തടയുവാൻ സാധിക്കും. എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 2023 ഒക്ടോബറിലായിരുന്നു ഈ സംവിധാനം കുട്ടിയുടെ തലയോട്ടിയിൽ ഘടിപ്പിച്ചത്.

നിലവിൽ നെഞ്ചിൽ സ്റ്റിമുലേറ്റർ ഘടിപ്പിച്ച് തലയോട്ടിയിലേക്ക് വയർ ഘടിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. തലയോട്ടിയിൽ നേരിട്ട് ഘടിപ്പിച്ചതോടെ അപസ്മാരത്തിൽ വലിയ അളവിൽ കുറവുണ്ടായി എന്നാണ് കണ്ടെത്തൽ. വയർലെസ് ഹെഡ് ഫോൺ വഴി ദിവസവും സ്റ്റിമുലേറ്റർ ചാർജ് ചെയ്യാം. ഈ സമയമൊക്കെ ടി വി കാണുകയോ എഴുതുകയോ വായിക്കുകയോ ചെയ്യാം.

യന്ത്രം ഘടിപ്പിച്ച ശേഷം പകൽ ഒരിക്കൽ പോലും ഒറാൻ നിലത്തുവീഴുന്ന സ്ഥിതി ഉണ്ടായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. രാത്രിയിലെ അപസ്മാരങ്ങളുടെ ദൈർഘ്യം കുറയുകയും ചെയ്തു. പാർക്കിൻസൺസ് രോഗം ഉള്ളവർക്കും ഇതു ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com