

എസ്എഫ്ഐയെ ക്രിമിനൽ സംഘമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. വിമർശനങ്ങളെ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാണ്. കെ എസ് യു ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളെ മാധ്യമങ്ങൾ നിസ്സാരവൽക്കരിക്കുന്നുവെന്നും പി.എം ആർഷോ പറഞ്ഞു.
ചരിത്രം പഠിക്കുന്നില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ വിമർശനത്തിനും ആർഷോ മറുപടി നൽകി. എസ്എഫ്ഐ അടിയന്തരാവസ്ഥയുടേത് അടക്കം ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വലതുപക്ഷ അജണ്ടയ്ക്ക് നേതാക്കൾ തലവച്ച് കൊടുക്കുവാണെന്നും ആർഷോ വിമർശിച്ചു. ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം മാധ്യമങ്ങൾ എസ്എഫ്ഐയ്ക്ക് എതിരെ സൃഷ്ടിക്കുന്ന പൊതുബോധത്തിൻ്റെ അടിസ്ഥാനത്തിലാണ്, എസ്എഫ്ഐ ബാധ്യതയാണ് എന്ന് തോന്നുന്നെങ്കിൽ എഐഎസ്എഫ് തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയോടൊപ്പം മത്സരിക്കേണ്ട. കേരള സർവകലാശാലയിലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കേണ്ട എന്ന നിലപാട് എഐഎസ്എഫ് സ്വീകരിക്കട്ടെയെന്നും എഐഎസ്എഫ് രാഷ്ട്രീയ പക്വത കാണിക്കണമെന്നും ആർഷോ കൂട്ടി ചേർത്തു.
അതേസമയം, കലാലയങ്ങളില്‍ എസ്എഫ്‌ഐ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യര്‍ ആരോപിച്ചു. എസ്എഫ്‌ഐക്ക് തീവ്ര വലതുപക്ഷ ചിന്താഗതിയാണ്. തനിയെ നില്‍ക്കാന്‍ എഐഎസ്എഫിന് ആര്‍ജവമില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞതിന്റെ അര്‍ത്ഥം. എഐഎസ്എഫ് അത് തിരിച്ചറിഞ്ഞ് നിലപാട് പറയാന്‍ തയ്യാറാകണം.എസ്എഫ്‌ഐയുടെ തടവറയില്‍നിന്ന് എഐഎസ്എഫ് പുറത്ത് വരണമെന്നും അലോഷി സേവ്യര്‍ പറഞ്ഞു.