
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട്, കേന്ദ്ര സർക്കാരിന് നൽകിയ ചെലവായ തുകയുടെ കണക്ക് എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ചർച്ചയാകുന്നതിനിടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ആർഎസ്എസുമായും വി.ഡി. സതീശനുമായും മാധ്യമങ്ങൾ ഗൂഡലോചന നടത്തുന്നുവെന്ന് വി. വസീഫ് ആരോപിച്ചു.
അടിസ്ഥാനമില്ലാത്ത വാർത്ത കൊടുത്ത് വലിയ പ്രതിഷേധം ഉണ്ടാകുകയാണെന്നും നടക്കുന്നത് സെലക്റ്റീവ് മാധ്യമപ്രവർത്തനമാണെന്നും വസീഫ് വിമർശിച്ചു. ആദ്യമായിട്ടല്ല എസ്ഡിആർഎഫ് ഇങ്ങനെ കണക്ക് തയ്യാറാക്കുന്നത്. അന്നൊന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച് അത് ചർച്ച ചെയ്തില്ലല്ലോ. വാർത്തകൾ വസ്തുനിഷ്ഠമല്ലെങ്കിൽ അല്പം പ്രയാസമുണ്ടാകും. നുണകൾ കൈയും കെട്ടി നോക്കി നിൽക്കില്ല. കേരളത്തിൻ്റെ ഗീബൽസായി പ്രതിപക്ഷനേതാവ് മാറി. ആർഎസ്എസിൻ്റെയും യുഡിഎഫിൻ്റെയും അനുയായികളായി മാധ്യമപ്രവർത്തകർ മാറുന്നുവെന്നും വി. വസീഫ് പറഞ്ഞു.
അടുത്തിടെയാണ് വയനാട് രക്ഷാപ്രവർത്തനം സംബന്ധിച്ച് സർക്കാർ കേന്ദ്രത്തിന് നൽകിയ എസ്റ്റിമേറ്റ് തുകയുടെ കണക്കുകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ വലിയ വിമർശനമാണ് സർക്കാരിനെതിര ഉയർന്നത്. സർക്കാർ തുക പെരുപ്പിച്ചു കാണിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ വലിയ വിമർശനങ്ങളും ഉന്നയിച്ചു. വയനാട് ദുരന്തത്തില്‍ ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പണം കിട്ടിയിട്ടുമില്ല, കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കള്ളക്കളികള്‍ അറിയാം. വയനാട് ദുരിതാശ്വാസത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്‌കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. വയനാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ചെലവ് വഹിച്ചത് മറ്റുള്ളവരാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ എന്ത് തെറ്റാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ തുക ചെലവാക്കിയെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വാർത്താക്കുറിപ്പിറക്കുകയായിരുന്നു. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിൻ്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാൽ ആ കണക്കുകൾ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണെന്നും മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.