ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; 24 മണിക്കൂര്‍ കഴിയാതെ നിയന്ത്രണ വിധേയമെന്ന് പറയാനാവില്ലെന്ന് മെഡിക്കല്‍ സംഘം

മയമെടുത്ത് സുഖപ്പെടേണ്ട മുറിവുകളാണ്. നിയന്ത്രണ വിധേയമല്ലാത്ത തരത്തിലുള്ള ആന്തരിക രക്തസ്രാവം ഒന്നും ഇപ്പോള്‍ കണ്ടിട്ടില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.
ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; 24 മണിക്കൂര്‍ കഴിയാതെ നിയന്ത്രണ വിധേയമെന്ന് പറയാനാവില്ലെന്ന് മെഡിക്കല്‍ സംഘം
Published on
Updated on

ഉമ തോമസിന് ശ്വാസകോശത്തിനും തലച്ചോറിനുമാണ് പരുക്കെന്ന് റെനൈ മെഡിസിറ്റിയിലെ വിദഗ്ധ സംഘം. വാരിയെല്ല് കൊണ്ടാണ് ശ്വാസകോശത്തിന് പരുക്കേറ്റതെന്നും ഈ ഭാഗത്ത് ചെറുതായി രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. 24 മണിക്കൂര്‍ കഴിയാതെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പറയാന്‍ കഴിയില്ലെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.

'15 അടി പൊക്കത്തില്‍ നിന്ന് വീണിട്ടാണ് എംഎല്‍എയെ കൊണ്ടു വന്നിരിക്കുന്നത്. കൊണ്ടു വന്നപ്പോള്‍ തന്നെ വെന്റിലേറ്റ് ചെയ്ത് സ്റ്റബിലൈസ് ചെയ്തിട്ടാണ് സ്‌കാനിങ്ങിന് കയറ്റിയത്. സ്‌കാനിങ്ങില്‍ തലച്ചോറിന് കുറച്ച് പരുക്കേറ്റതായി കാണുന്നുണ്ട്. നട്ടെല്ലിനും ചെറുതായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിനും പരുക്കേറ്റിട്ടുണ്ട്. വാരിയെല്ല് കൊണ്ട് ശ്വാസകോശത്തിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് കുറച്ച് രക്തം കട്ടപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ എംഎല്‍എ വെന്റിലേറ്ററിലാണ്. ഇത്രയും മുകളില്‍ നിന്ന് വീണതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ എക്‌സ്‌റേ എടുത്ത് നോക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പല പരുക്കുകളും ഉണ്ടാകാം. നിലവില്‍ അതൊന്നും കാണുന്നില്ല. പ്രധാനമായും ഇപ്പോള്‍ നോക്കുന്നത് തലച്ചോറിന് ഉണ്ടായ പരുക്കും ശ്വാസകോശത്തിനുണ്ടായ പരുക്കുമാണ്,' അധികൃതര്‍ പറഞ്ഞു.

മുഖത്തുള്ള എല്ലുകളിലുമൊക്കെ ചില പരുക്കുകള്‍ പറ്റിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യം നിലവില്‍ ഇല്ല. വീണ് തലയിടിച്ചിട്ടുണ്ട്. വാരിയെല്ലിനും പൊട്ടലുണ്ട്. വന്ന സമയത്ത് തന്നെ മുഴുവന്‍ ബോധത്തിലായിരുന്നില്ല. നില നിയന്ത്രണ വിധേയമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യം. പെട്ടെന്ന് സുഖപ്പെടുന്ന സാഹചര്യമല്ല. സമയമെടുത്ത് സുഖപ്പെടേണ്ട മുറിവുകളാണ്. നിയന്ത്രണ വിധേയമല്ലാത്ത തരത്തിലുള്ള ആന്തരിക രക്തസ്രാവം ഒന്നും ഇപ്പോള്‍ കണ്ടിട്ടില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മെഗാ ഭരതനാട്യത്തിന്റെ ഉദ്ഘാടനത്തിനായി കെട്ടിയ താല്‍ക്കാലിക സ്‌റ്റേജിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉമ തോമസ് എംഎല്‍എ 20 അടി താഴ്ചയിലേക്ക് വീഴുന്നത്. താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.

20000ത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com