
ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റള്ള കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണം താത്കാലികമായി നിർത്തിവെച്ച് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഹസൻ നസ്റള്ളയുടെ മരണത്തിൽ അപലപിച്ച് പങ്കുവെച്ച എക്സ് പോസ്റ്റിലൂടെയായിരുന്നു നേതാവിൻ്റെ പ്രഖ്യാപനം. ഈ അഗാധമായ ദുഃഖത്തിൽ പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നായിരുന്നു മെഹബുബ മുഫ്തി എക്സിൽ കുറിച്ചത്.
ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികൾക്ക്, പ്രത്യേകിച്ച് ഹസൻ നസറള്ളക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെത്തെ എൻ്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ റദ്ദാക്കുന്നു. ഈ അഗാധമായ ദുഖഃത്തിൻ്റെയും, മാതൃകാപരമായ ചെറുത്തുനിൽപ്പിൻ്റെയും സമയത്ത് ഞങ്ങൾ പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു, ”മുഫ്തി എക്സ് പോസ്റ്റിൽ കുറിച്ചു.
നസ്‌റള്ളയുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിലെ പല ഭാഗങ്ങളിലായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഹസനാബാദ്, റെയ്‌നാവാരി, സൈദാകടൽ, മീർ ബെഹ്‌രി, ആഷായിബാഗ് പ്രദേശങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കരിങ്കൊടിയുമായി റോഡുകളിൽ റാലി നടത്തിയതായി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടത്. ഹസന്‍ നസ്‌റള്ളയുടെ വധത്തിൽ അപലപിച്ച് ആയത്തുള്ള ഖമേനി ഇറാനിൽ അഞ്ച് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.