
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തെരഞ്ഞെടുപ്പിൽ ബധിരരും അന്ധരുമായിരുന്നുവെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര. മോദി സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമായിരുന്നു കൃഷ്ണനഗറിൽ നിന്നും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹുവ മൊയ്ത്ര ലോക്സഭയിൽ സംസാരിച്ചത്. മോദിക്കും ബിജെപിക്കുമെതിരെ നേതാവ് അതിരൂക്ഷ ഭാഷയിൽ സംസാരിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.
"കഴിഞ്ഞ സഭയിലും ഞാനുണ്ടായിരുന്നു. പക്ഷേ എന്നെ നിശബ്ദയാക്കാൻ നിങ്ങൾ പല രീതിയിൽ ശ്രമിച്ചു. എന്നെ സംസാരിക്കാൻ നിങ്ങളനുവദിച്ചില്ല. നിങ്ങൾ അപമാനിച്ചുവിട്ട എന്നെ ജനം വീണ്ടും തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചിരിക്കുന്നു."
ഇങ്ങനെയായിരുന്നു മഹുമ മൊയ്ത്ര തൻ്റെ പ്രസംഗം ആരംഭിച്ചത്. 14ാം സഭയിലെ ആദ്യ പ്രസംഗത്തിൽ തന്നെ തൃണമൂൽ എംപി പതിവുപോലെ കത്തികയറി. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി നേതാക്കൾ വ്യാപക വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഇത് തെരഞ്ഞെടുപ്പിൻ്റെ നഗ്നമായ ചട്ടലംഘനമാണ് എന്നറിഞ്ഞിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനങ്ങിയില്ലെന്നും മഹുമ വിമർശിച്ചു.
മുസൽമാൻ, മദ്രസ, മുഗൾ, മംഗൾസൂത്ര് എന്നിങ്ങനെ 'എം' അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ് ബിജെപി നേതാക്കൾ. എന്നാൽ അതേ അക്ഷരത്തിൽ തുടങ്ങുന്ന മണിപൂർ എന്ന വാക്ക് മാത്രം ഒരു തവണ പോലും മോദിയടക്കം ഉച്ചരിച്ചില്ലെന്ന് മഹുമ മൊയ്ത്ര പരിഹസിച്ചു. നിതീഷ് കുമാറിൻ്റെ ജെഡിയുവിനെതിരെയും പ്രസംഗത്തിൽ സൂചിപ്പിക്കാൻ മെഹുവ മറന്നില്ല. ഈ സർക്കാരിന് സ്ഥിരതയില്ല. യു ടേൺ ഘടകക്ഷികളെ കൂട്ടുപിടിച്ചാണ് സർക്കാരുണ്ടാക്കിയതെന്നായിരുന്നു മെഹുവയുടെ വാക്കുകൾ.
അടുത്തിടെ നടന്ന ട്രെയിൻ അപകടങ്ങളെക്കുറിച്ചും മഹുവ സംസാരിച്ചു. കവച് സുരക്ഷാ സംവിധാനം ഇന്ത്യയിൽ മുഴുവൻ നടപ്പിലാക്കുന്നതിന് 63,000 കോടി രൂപ ചെലവ് വരും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ബുള്ളറ്റ് ട്രെയിൻ സ്ഥാപിക്കുന്നതിനും ഇതേ പണം തന്നെയാണെന്നും എംപി ചൂണ്ടി കാട്ടി. ലഡാക്കികൾ ഇപ്പോഴും തങ്ങളുടെ വാഗ്ദാനം ചെയ്ത പ്രാതിനിധ്യത്തിനായി കാത്തിരിക്കുകയാണെന്നും ഇതാണ് പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടി നേരിടാൻ കാരണമെന്നും നേതാവ് ചൂണ്ടികാട്ടി. ഒപ്പം സഭയിലെ സ്ത്രീ പ്രാധിനിത്യത്തെ കുറിച്ചും മെഹുവ പരാമർശിച്ചു. സ്ത്രീ ശാക്തീകരണത്തിനുള്ള മാർഗമായുള്ള പാർലമെൻ്റിലെ സംവരണം തികച്ചും അസത്യമാണെന്നും നേതാവ് പ്രതികരിച്ചു.
അതേസമയം ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഇന്ത്യയെന്ന ആശയത്തെ, ഭരണഘടനയെ പൂര്‍ണതോതില്‍ കടന്നാക്രമിക്കുകയാണെന്ന ആമുഖത്തോടെയാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ ഭരണഘടനയ്ക്കൊപ്പം, പരമശിവന്‍, മുഹമ്മദ് പ്രവാചകന്‍, ജീസസ് ക്രൈസ്റ്റ്, ഗുരു നാനാക് എന്നിവരുടെ ചിത്രങ്ങളും രാഹുല്‍ കയ്യിൽ കരുതിയിരുന്നു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. ഈ രാജ്യത്ത് പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ പറഞ്ഞു.