
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മെയ്‌തി- കുക്കി സമുദായങ്ങൾ രംഗത്ത്. സമുദായങ്ങൾക്കിടയിൽ രാഷ്ട്രപതി ഭരണത്തെ കുറിച്ച് രണ്ടഭിപ്രായമാണ് ഉള്ളത്. രാഷ്ട്രപതി ഭരണം പ്രതീക്ഷയുടെ കിരണം എന്നാണ് കുക്കി എംഎൽഎമാർ വിശേഷിപ്പിച്ചത്. എന്നാൽ മെയ്‌തി നേതാക്കൾ അത്ര താത്പര്യത്തോടെയല്ല ഈ തീരുമാനത്തെ കാണുന്നതെന്നാണ് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ 21 മാസമായി തുടരുന്ന സംഘർഷത്തിനൊടുവിലാണ് മുഖ്യമന്ത്രി ബിരേൻസിങിൻ്റെ രാജിവച്ചൊഴിഞ്ഞത്. കലാപം അവസാനിപ്പിക്കാൻ സാധിക്കാത്ത സർക്കാരെന്ന വിമർശനം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഭരണം നഷ്ടമാകുമെന്ന തോന്നലുണ്ടായപ്പോൾ മാത്രമാണ് മുഖ്യമന്ത്രി പദത്തിൽ നിന്ന് ബിരേൻസിങിനെ മാറ്റാൻ ബിജെപി തയ്യാറായത്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടതോടെയാണ് 23 വര്‍ഷത്തിന് ശേഷം വീണ്ടും സംസ്ഥാനം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
ഈ തീരുമാനം പുറത്തുവന്നപ്പോൾ ലോകം ഉറ്റുനോക്കിയത് മെയ്‌തി -കുക്കി വിഭാഗങ്ങളുടെ പ്രതികരണമാണ്. ബിരേൻസിങിന് പകരം അടുത്ത മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച മെയ്‌തി വിഭാഗത്തിന് ഈ തീരുമാനം തിരിച്ചടിയായി. ഇക്കാര്യത്തിൽ മെയ്‌തി വിഭാഗത്തിന് കേന്ദ്രതീരുമാനത്തോട് ശക്തമായ എതിർപ്പുണ്ട്. നിർണായക തീരുമാനം എന്ന് കുക്കി വിഭാഗം ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹോകിപ് പറഞ്ഞു. മണിപ്പൂരിലെ കലാപം 260ലധികംപേരുടെ ജീവനെടുത്തു. 60,000 പേർ അഭയാർഥികളായി,നിരവധി ഗ്രാമങ്ങളും 7000ത്തോളം വീടുകളും കത്തിനശിച്ചുവെന്നും എല്‍എ ഓർമിപ്പിച്ചു.
മണിപ്പൂർ ഭരിക്കാൻ ബിജെപി സർക്കാരിന് കഴിവില്ലെന്ന് വൈകി സമ്മതിച്ചെന്നായിരുന്നു രാഹുൽഗാന്ധിയുടെ ആദ്യപ്രതികരണം. 20 മാസമായി കോൺഗ്രസ് ആവശ്യപ്പെട്ടത് സംഭവിച്ചു എന്നാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞത്. കലാപം നിയന്ത്രണവിധേയമാക്കുന്നതിൽ അമിത് ഷാ പരാജയപ്പെട്ടു, ലോകമെമ്പാടും സഞ്ചരിക്കുന്ന പ്രധാനമന്ത്രി മണിപൂരിൽ പോയില്ലെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം മണിപ്പൂരിൽ നിന്ന് ആദ്യം പുറത്തുവന്നത് സിആർപിഎഫ് ജീവനക്കാർ കൊല്ലപ്പെട്ട വാർത്തയാണ്. സിആർപിഎഫ് ക്യാംപിൽ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്നശേഷം ജവാൻ ജീവനൊടുക്കിയതാണ് പുറത്തുവന്ന വാർത്ത. വെടിവെയ്പ്പിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഫാൽ താഴ്വരയാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.