
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ റിപ്പബ്ലിക്കന്‍ പാളയത്തിലുണ്ട്. മുന്‍ യുഎസ് പ്രഥമ വനിതയും റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡൊണാള്‍ഡ് ട്രംപിന്‍റെ പങ്കാളിയുമായ മെലനിയ ട്രംപ്. മുന്‍ വെറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ ആന്തണി
സ്കരാമുച്ചിയുടേതാണ് ഈ അവകാശവാദം. ട്രംപിനെ വെറുക്കുന്നത് കൊണ്ടാണ് മെലനിയ കമലയെ പിന്തുണയ്ക്കുന്നതെന്ന് കൂടി പറഞ്ഞു കളഞ്ഞു ആന്തണി.
മീഡിയാസ് ടച്ച് എന്ന പോഡ്‌കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ആന്തണി ഈ അവകാശവാദങ്ങള്‍ ഉന്നയിച്ചത്. തന്നെക്കാള്‍ കമലയുടെ വിജയം ആഗ്രഹിക്കുന്നത് മെലനിയ ട്രംപാണെന്ന് ആന്തണി പറഞ്ഞു. തന്‍റെ ഭാര്യയും ട്രംപിനെ വെറുക്കുന്നുവെന്ന് ആന്തണി കൂട്ടിച്ചേർത്തു. പക്ഷെ മെലനിയയെക്കാള്‍ ട്രംപിനോട് മയത്തിലാണ് ഇടപെടുന്നതെന്ന് തമാശയായും പറഞ്ഞു. ട്രംപിന്‍റെ പ്രചരണ റാലികളിലെ മെലാനിയയുടെ അസാന്നിധ്യം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ആന്തണിയുടെ പ്രസ്താവന.
11 ദിവസം മാത്രമാണ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ആന്തണി സ്കരാമുച്ചി പ്രവർത്തിച്ചത്. 2017 ജൂലൈ 31ന് ട്രംപ് ആന്തണിയെ പിരിച്ച് വിടുകയായിരുന്നു. വൈറ്റ് ഹൗസ് പി ആറിന് സംഭവിച്ച വീഴ്ചകളാണ് ആന്തണിയുടെ സ്ഥാനം തെറിപ്പിച്ചത്. മെലനിയയെക്കുറിച്ചുള്ള ആന്തണിയുടെ പ്രസ്താവനയും ട്രംപ് തള്ളിക്കളഞ്ഞു. പക വെച്ച് സംസാരിക്കുന്ന ആളാണ് ആന്തണിയെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
2024ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപിനു നേരെ വധശ്രമമുണ്ടായ പെന്‍സില്‍വാനിയ റാലിയിലും ഏതാനും ധനസമാഹരണ പരിപാടികളിലും മാത്രമാണ് മെലനിയ പങ്കെടുത്തത്. മകന്‍ ബാരോണ്‍ ട്രംപിനെ കോളേജില്‍ ചേർക്കുന്നതിനായി ന്യൂയോർക്കിലാണ് മെലനിയ. ട്രംപിന്‍റെ പ്രചരണത്തിനേക്കാള്‍ കുടുംബത്തിനും മകന്‍റെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കാനാണ് മെലനിയ തീരുമാനിച്ചിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വർഷം ഒക്‌ടോബർ ഒന്നിന് മെലാനിയ ഓർമ്മക്കുറിപ്പ് പുറത്തിറക്കും. "സ്വന്തമായി വഴി വെട്ടി, വെല്ലുവിളികളെ അതിജീവിച്ച്, വ്യക്തിപരമായ മികവ് പുലർത്തിയ ഒരു സ്ത്രീയുടെ ശക്തവും പ്രചോദനാത്മകവുമായ കഥ", ആണിതെന്നാണ് മെലനിയയുടെ ഓഫീസ് പറയുന്നത്